‘വെറുപ്പിന്റെ കമ്പോളത്തില്‍ സ്നേഹക്കട തുറന്നോ?’; നടന്നുതെളിഞ്ഞ രാഹുല്‍

rahul-yathra-final
SHARE

‘നല്ല മനുഷ്യനാണ്, ഹൃദയം െകാണ്ട് ചിന്തിക്കുന്നവനാണ്. പക്ഷേ വന്നയിടം മാറിപ്പോയി. രാഷ്ട്രീയം അയാൾക്ക് പറ്റിയ പണിയല്ല. അധികാരം കണ്ടും അനുഭവിച്ചും വളർന്നവനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. പിടിച്ച് നിൽക്കാനും പിടിച്ച് കയറാനുമുള്ള തന്ത്രങ്ങൾ അറിയില്ല. കുതന്ത്രങ്ങൾ ഒട്ടും വശമില്ല..’ 2022 സെപ്തംബർ 8ന് കന്യാകുമാരിയിൽ നിന്നും നടന്നു തുടങ്ങുമ്പോൾ അന്തരീക്ഷത്തിലെ പല്ലവി ഇതായിരുന്നു. 2023 ജനുവരി 30ന് കശ്മീരിൽ ആ നടത്തം ചെന്ന് നിൽക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങളേ ബാക്കിയുള്ളൂ. വന്ന വഴികളിൽ കണ്ടുമുട്ടിയ ലക്ഷക്കണത്തിന്് മനുഷ്യമുഖങ്ങളിൽ ഭാഷ–വേഷ–ദേശാന്തരങ്ങളിലൂടെ വെള്ള ടീ ഷർട്ടിട്ട് കടന്നുപോയപ്പോൾ രാഹുൽ ഗാന്ധിക്ക് കിട്ടിയ മിച്ചം എന്താണ്? ചില മാറ്റങ്ങൾ പ്രകടമെന്ന് പറയാം. വാക്കുകളുടെ മൂർച്ചയിൽ നിലപാടിന്റെ കനത്തിൽ താടിക്കൊപ്പം വളർന്ന അനുഭവക്കരുത്ത് സമ്മാനിച്ചു പോയ മാസങ്ങൾ. ഇതുെകാണ്ട് കോൺഗ്രസ് മടങ്ങിവരുമോ എന്ന ചോദ്യം അങ്ങനെ തന്നെ നിൽക്കട്ടെ. പക്ഷേ ഭാരത് ജോഡോ യാത്ര അവസാനലാപ്പിലേക്ക് കടക്കുമ്പോൾ സ്വയം പുനർജനിച്ച ഒരു നേതാവിനെ രാഹുലിൽ കാണാമെന്ന് വിമര്‍ശകര്‍ വരെ സമ്മതിക്കുന്നു.

ആത്മാർഥത കൊണ്ട് സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പഠിച്ച മാസങ്ങളാണ് നടന്നുപോയത്. ബിജെപി–ആർഎസ്എസ്– മോദി–ഷാ തന്ത്രങ്ങളെ നീക്കങ്ങളെ നേരിടാനുള്ള ബലം ആ കാലുകൾ നടന്നു നേടിയോ എന്നത് ഭാവിയിൽ കിട്ടേണ്ട ഉത്തരം തന്നെ, പക്ഷേ ചില മാറ്റങ്ങൾ രാഹുലിൽ പ്രകടമാണ്. മുഖത്ത് നിറഞ്ഞ താടിപോലെ പോയകാലം സമ്മാനിച്ച അനുഭവങ്ങളുടെ കരുത്ത് ആ മുഖത്തുണ്ട്. മഹാരാഷ്ട്രയിൽ വി.ഡി.സവർക്കറെ അതിരൂക്ഷമായി വിമർശിച്ച രാഹുൽ തന്നെയാണ് നടന്നു ഡൽഹിയിലെത്തിയപ്പോൾ എ.ബി.വാജ്പേയിയുടെ സമാധിയിൽ ആദരമർപ്പിച്ചതും. അതിൽ കൃത്യമായൊരു തന്ത്രമുണ്ടെന്ന് വ്യക്തം. ഇനി അധികാരം എന്നതിലേക്ക് നടന്നുകയറാൻ തന്ത്രങ്ങളും വേണമെന്നും അത് വ്യക്തമായി നടപ്പാക്കാന്‍ അറിയാമെന്നും രാഹുൽ ഈ യാത്രയിൽ പലതവണ തെളിയിച്ചു. തനിക്ക് നേരെ വന്നുവീഴുന്ന ഓരോ കല്ലുകളും ചവിട്ടിക്കയറാനുള്ള പടി ആക്കുന്ന മോദിയിസം രാഹുലും പലതവണ ഈ മാസങ്ങളിൽ പയറ്റി. മോദിയെ  ചായക്കടക്കാരനാക്കിയ ഒരു നേതാവിന്റെ വാ വിട്ട വാക്കിന് കോൺഗ്രസ് െകാടുക്കേണ്ടി വന്ന വില ഇപ്പോഴും പാർട്ടി അനുഭവിക്കുകയാണെന്നാമ് ചര്‍ച്ചകള്‍. ‘ചൗക്കിദാർ ചോർ ഹേ’ കാവൽക്കാരൻ കള്ളനാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നമിട്ട് 2019 ൽ രാഹുൽ ഉയർത്തിയ മുദ്രാവാക്യത്തിൽ വ്യക്തിഹത്യയുടെ അംശമുണ്ടായിരുന്നുവെന്ന് പാര്‍ട്ടിയില്‍ തന്നെ മുറുമുറുപ്പുയര്‍ന്നു. വിദ്വേഷ പ്രചാരണങ്ങളെ അനുകൂലമാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ മോദിക്കുള്ള അസാമാന്യ കഴിവ് രാഹുലും കോൺഗ്രസും 2019 ൽ മനസ്സിലാക്കി. അതുെകാണ്ട് തന്നെ യാത്രയിൽ വ്യക്തിപരമായ ആരോപണങ്ങൾ ഒഴിവാക്കിയാണ് മോദിക്കെതിരെ രാഹുൽ സംസാരിച്ചതെല്ലാം. ഇതെല്ലാം ചേർത്താണ് ‘വെറുപ്പിന്റെ കമ്പോള’ത്തിൽ കോൺഗ്രസ് ‘സ്നേഹത്തിന്റെ കട’ തുറക്കാൻ വന്നവനാണെന്ന് രാഹുൽ പറഞ്ഞുവച്ചതും. ഒരുപക്ഷേ അടുത്തകാലത്ത് കേട്ട ഏറ്റവും പക്വതയുള്ള നിലപാടായി അത് തോന്നുന്നതും ആ വാക്കിന് ഉള്ളിലൊളിപ്പിച്ച കൂരമ്പ് തന്നെയാണ്.

യാത്രയുടെ തുടക്കം മുതൽ രാഹുലിന്റെ വെള്ള ടീഷർട്ട് ബിജെപി ആയുധമാക്കിയിരുന്നു. എന്നാൽ പിന്നീട് അവർ തന്നെ അതെ കുറിച്ച് മിണ്ടാതായി. മുൻപ് ചായക്കടക്കാരനിൽ പിടിച്ചുകയറിയ പോലെ കോൺഗ്രസ് ടീഷർട്ടിൽ നന്നായി അവസരം കണ്ടു. അതുെകാണ്ട് തന്നെ യാത്രയിലെങ്ങും രാഹുലിന്റെ ഈ ടീഷർട്ട് പലകുറി ചർച്ചയായി. കൊടും തണുപ്പിലും പ്രതിഷേധത്തിന്റെ ആ പടച്ചട്ടയ്ക്ക് മുകളിൽ അദ്ദേഹം ഒന്നും ധരിച്ചില്ല. തണുപ്പിലും എന്തേ ടീഷർട്ട് മാത്രം എന്ന് ചോദിച്ചവരോട് തന്ത്രത്തിൽ പൊതിഞ്ഞ ഹൃദ്യമറുപടിയാണ് അദ്ദേഹം െകാടുത്തത്.

‘എന്തുകൊണ്ടാണ് ഞാൻ ടീ ഷർട്ട് ധരിക്കുന്നത്, എനിക്ക് തണുപ്പ് അനുഭവപ്പെടുന്നില്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്. അതിനുള്ള കാരണം ഞാൻ പറയാം. ജോഡോ യാത്ര ആരംഭിച്ചത് കേരളത്തിലാണ്. അവിടെ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയായിരുന്നു. എന്നാൽ മധ്യപ്രദേശിലേക്കു കടന്നപ്പോൾ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. ഒരു ദിവസം കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച മൂന്നു പാവപ്പെട്ട പെൺകുട്ടികൾ എന്റെ അരികിൽ വന്നു. ഞാൻ അവരെ ചേർത്തു പിടിച്ചപ്പോൾ അവർ തണുത്തു വിറയ്ക്കുകയായിരുന്നു. കാരണം അവർക്ക് തണുപ്പകറ്റാൻ നല്ല വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. അന്ന് ഞാൻ ഒരു തീരുമാനമെടുത്തു. തണുത്തു വിറയ്ക്കുന്ന അവസ്ഥയെത്തും വരെ ഞാൻ ടീ ഷർട്ട് മാത്രമേ ധരിക്കൂ. എനിക്ക് ആ മൂന്നു പെൺകുട്ടികളോട് പറയാനുള്ളത് നിങ്ങൾക്ക് തണുപ്പ് അനുഭവപ്പെടുമ്പോൾ രാഹുൽ ഗാന്ധിക്കും അത് അനുഭവപ്പെടും.’ ഹരിയാനയിലെ അംബാലയിൽ വച്ച് രാഹുൽ ഗാന്ധി പറഞ്ഞു. ഇതിൽ പരം ഒരു പ്രസ്താവന ഒരു ടീഷർട്ടിന്റെ ചുവട് പിടിച്ചെത്തിയവർക്ക് നൽകാനാകുമോ. ഈ മറുപടിയിലൂടെ രാജ്യത്തെ സാധാരണക്കാരന്റെ പല വിഷയങ്ങളും അദ്ദേഹം പറയാതെ പറഞ്ഞുവച്ചു. പെരുമഴയത്ത് പോലും കുടചൂടാതെ പ്രസംഗിക്കുന്ന രാഹുലിന്റെ വിഡിയോകളും ചിത്രങ്ങളും ആഘോഷമായിരുന്നു സൈബർ ഇടത്ത്. കൊടും ശൈത്യകാലത്ത് ഉത്തരേന്ത്യയിലൂടെ പര്യടനം നടത്തവെ ജാക്കറ്റ് ധരിക്കാതെ ടി ഷർട്ടും പാന്റും ധരിച്ച് യാത്ര നടത്തിയത് ചർച്ചയായിരുന്നു. അങ്ങനെയുള്ള രാഹുൽ കാശ്മിരിൽ എത്തിയപ്പോൾ കൊടും തണുപ്പിൽ പെയ്ത ചാറ്റൽ മഴയിൽ ഒരു റെയിൻകോട്ട് ധരിച്ച് വീണ്ടും തന്റെ വസ്ത്രത്തെ ചർച്ചയാക്കി. മുൻപ് പറഞ്ഞ മറുപടികൾ ഇത് ഒന്നുകൂടി  ഓർമിപ്പിച്ചു. യാത്രയിൽ കേവലം ഒരു ടീഷർട്ട് എങ്ങനെയെല്ലാം നിലപാടായി മാറി എന്നത് ഇതിലൂടെ വ്യക്തം.

രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നു പ്രഖ്യാപിച്ച് സെപ്റ്റംബർ ഏഴിനു കന്യാകുമാരിയിൽനിന്ന് രാഹുൽ ഗാന്ധി ആരംഭിച്ച പദയാത്ര പലകുറി രാഷ്ട്രീയ പോരുകൾക്ക് വേദിയായി. യാത്ര വിജയിക്കുമോ എന്ന സന്ദേഹമാണ് രാഷ്ട്രീയമില്ലെന്നു പറയാൻ തുടക്കത്തിൽ രാഹുലിനെ പ്രേരിപ്പിച്ചതെങ്കിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ കണ്ടതോടെ രാഹുൽ രാഷ്ട്രീയം തന്നെ സംസാരിച്ചു. അങ്ങനെ തെക്ക് മുതൽ വടക്ക് വരെ സംസാരിച്ച് വാക്കിന്റെ ഒഴുക്കിലും പ്രയോഗത്തിലും തികഞ്ഞ രാഷ്ട്രീയക്കാരനായ നാളുകൾ. ആ വാക്കുകളിൽ പ്രായോഗിക രാഷ്ട്രീയവിവേകവും പ്രകടമാണ്.

പ്രസംഗങ്ങളിൽ എല്ലാം ഐക്യത്തെ കുറിച്ചാണ് ഇന്നാളുകളിലെല്ലാം രാഹുൽ പറഞ്ഞത്. ആ ഐക്യം  2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ മുട്ടുകുത്തിക്കാൻ പ്രതിപക്ഷഐക്യമാണെന്ന് വ്യക്തം. ഇതിനൊപ്പം  പ്രതിപക്ഷ നിരയിൽ പ്രതിഛായ ഉയർത്താനുള്ള ശ്രമങ്ങളും. പ്രധാനമന്ത്രി സ്ഥാനാർഥിയായി സ്വയം പ്രതിഷ്ഠിച്ചു പ്രതിപക്ഷത്തെ പ്രബല നേതാക്കളെ പിണക്കാതിരിക്കാനും ഈ യാത്രയിൽ രാഹുൽ ശ്രദ്ധിച്ചു. ഏറെക്കുറ അതും വിജയത്തിന്റെ വക്കിലാണ്. .ചിതറി നിൽക്കുന്ന പ്രതിപക്ഷം തന്നെയാണ് ബിജെപിയുടെ ഐശ്വര്യം എന്നത് പകൽ പോലെ വ്യക്തമാണ്. ആ തിരിച്ചറിവ് രാഹുലിന് ഇപ്പോള്‍ ഉണ്ട്. അതുകൊണ്ട് കൂടിയാകാം യാത്രയെ തുടക്കത്തിൽ വിമർശിക്കുകയും പിന്നീട് മൗനം പാലിക്കുകയും ചെയ്ത ബിജെപി, ഇപ്പോൾ വിമർശനം പുനരാരംഭിച്ചതു ദേശീയ രാഷ്ട്രീയത്തിൽ രാഹുലുണ്ടാക്കുന്ന ചലനങ്ങളിലുള്ള ആശങ്കയായാണു കോൺഗ്രസ് വിലയിരുത്തുന്നു.

യാത്രയിലെ രാഹുലിന്റെ ശരീരഭാഷയും എടുത്തുപറയേണ്ടതാണ്. ഇതൊന്നും വിജയിക്കാൻ പോകുന്നില്ലെന്നും രാഹുലിനെ പോലെ എല്ലാ സുഖങ്ങളും അനൂഭവിച്ച് വളർന്ന ഒരാൾക്ക് ഈ നടത്തം സാധ്യമല്ലെന്നും വിലയിരുത്തിയവരുണ്ട്. എന്നാൽ അതിനെയെല്ലാം അപ്രസക്തമാക്കി ഭാരത് ജോഡോ യാത്ര. സാധാരണക്കാരിൽ സാധാരണക്കാരെ കെട്ടിപ്പിടിച്ചു. ചേർത്തുപിടിച്ച് നടത്തി, അമ്മമാരെ സഹോദരിമാരെ കുഞ്ഞുങ്ങളെ അങ്ങനെ എല്ലാവരുടെയും അണ്ണനായി തന്നെ ഈ മനുഷ്യന്‍ നടന്നു കയറി. പ്രിയങ്കയെയും സോണിയയെയും ചേർത്തുപിടിച്ച് ചുംബിച്ചപ്പോൾ ആ ഉമ്മ വന്ന് പതിച്ചത് രാജ്യത്തെ ഓരോ അമ്മമാരുടെയും പെങ്ങൻമാരുടെയും കവിളിൽ കൂടിയാണ്.

രാജ്യമാകെ പടർന്ന ‘കൊടുങ്കാറ്റുപോലെ’ എന്നാണ് 1936–37ൽ  ജവാഹർലാൽ നെഹ്റു യാത്ര നടത്തിയതിനെ അന്ന് വിശേഷിപ്പിച്ചത്. അതിന് രണ്ടു കാരണങ്ങളുണ്ടായിരുന്നു. പ്രവിശ്യകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള പ്രചാരണം. കോൺഗ്രസിനു നഷ്ടമായ ജനബന്ധം വീണ്ടെടുക്കൽ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോ‍‍‍ഡോ യാത്രയുടെ അടിയന്തര ലക്ഷ്യങ്ങളും ഏതാണ്ട് അതിനു തുല്യമാണ്; കോൺഗ്രസിനെ വീണ്ടെടുക്കലും 2024ലെ പൊതു തിരഞ്ഞെടുപ്പും. ഇന്ത്യയെ ‘കണ്ടെത്തുക’യാണു ജവാഹർലാൽ നെഹ്റു ചെയ്തതെങ്കിൽ, ഇന്ത്യയെ കേൾക്കാനാണ് രാഹുൽ ശ്രമിച്ചത്. ആ കേൾവിക്കുള്ള മറുപടിയാണ് കാലം തരേണ്ട ഉത്തരവും.

രാഹുൽ എന്ന നേതാവിന് വന്ന മാറ്റങ്ങളെ കുറിച്ച് ഇങ്ങനെയൊക്കെ പറയാം. എന്നാൽ അതിനായിരുന്നില്ല ഭാരത് ജോഡോ യാത്ര എന്ന് കോൺഗ്രസ് തിരിച്ചറിയുന്നോ എന്ന കാര്യം അവസാനലാപ്പിലും സശയമാണ്. അധികാരമോഹികൾ, കൊഴിഞ്ഞുപോക്ക്, പാർട്ടിക്കുള്ളിലെ ഐക്യമില്ലായ്മ. അങ്ങനെ പഴയതെല്ലാം അങ്ങനെ തന്നെ അവിടെയുണ്ട്. രാഹുൽ കടന്നുപോകുന്ന വഴി ആ സമയത്തേക്ക് മാത്രം വൃത്തിയാക്കിയിട്ട പോലെയാണത്. കടന്നുപോയശേഷം അതേ പതിവുകള്‍ വീണ്ടും പരന്നു കഴിഞ്ഞു പിന്നിട്ട ഇടങ്ങളിൽ. കോണ്‍ഗ്രസിലെ ചിട്ടവട്ടങ്ങള്‍ ഇനിയുമേറെ മാറാനുണ്ട്. രാഹുലിലെ മാറ്റങ്ങളുടെ കണക്കെടുക്കുമ്പോള്‍‌, മാറേണ്ടതായി മറ്റുപലതുമുണ്ട് എന്ന് കൂടി രാജ്യത്തെ ഏറ്റവും അനുഭവസമ്പത്തുള്ള പാര്‍ട്ടി തിരിച്ചറുയുന്നുണ്ടോ..? ആ ചിന്തയ്ക്ക് രാഹുലും ഭാരത് ജോഡോ യാത്രയും കരുത്ത് പകര്‍ന്നിട്ടുണ്ടോ എന്നതാണ് ചോദ്യം.  

MORE IN INDIA
SHOW MORE