
അധ്യക്ഷനും പരിശീലകര്‍ക്കുമെതിരായ ലൈംഗിക ആരോപണം നിഷേധിച്ച് ഗുസ്തി ഫെഡറേഷന്‍. വ്യക്തിപരമായ കാരണങ്ങളാലാണ് പ്രതിഷേധമെന്നും ഫെഡറേഷന്‍ കായികമന്ത്രാലയത്തിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. അതിനിടെ ബ്രിജ് ഭൂഷണ്‍ പദവിയില്‍നിന്ന് മാറിനില്‍ക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ ഗുസ്തി താരങ്ങള്‍ പ്രതിഷേധം പിന്‍വലിച്ചു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധം രാജ്യതാല്‍പ്പര്യത്തിനോ,,, ഇന്ത്യയില്‍ നല്ല ഗുസ്തി പ്രോല്‍സാഹിപ്പിക്കാനോ അല്ലെന്ന് ഗുസ്തി ഫെഡറേഷന്‍റെ കത്തില്‍ പറയുന്നു. നിലവിലെ ഭരണസമിതിയെ പുറത്താക്കാനുള്ള തീരുമാനം പ്രതികൂല അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണ്. വ്യക്തിപരമായ അജന്‍ഡയാണ്. പ്രതിഷേധിച്ച താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് ഗുസ്തി ഫെഡറേഷന്‍റെ കത്ത്. അതിനിടെ ലൈംഗികാരോപണം നേരിടുന്ന ബിജെപി എം.പിയും ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ പദവിയില്‍നിന്ന് മാറിനില്‍ക്കും. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറിന്‍റെ വസതിയില്‍ രാത്രി നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.
ലൈംഗിക ആരോപണങ്ങളിലും സാമ്പത്തിക–ഭരണപരമായ ആരോപണങ്ങളിലും അന്വേഷണം. ഈ കാലയളവില്‍ ഫെഡറേഷന്‍റെ ദൈനംദിന കാര്യങ്ങള്‍ മേല്‍നോട്ട സമിതി നിര്‍വഹിക്കും. ഈ സമിതി നാലാഴ്ചയ്ക്കകം നല്‍കുന്ന റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് താരങ്ങള്‍. അതിനിടെ ഇന്ന് ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നടന്ന ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ബ്രിജ് ഭൂഷണ്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അതിനിടെ ലൈംഗിക അതിക്രമം എന്നൊന്നില്ലെന്ന് ഫെഡറേഷന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമര്‍ പറഞ്ഞു.