ജമ്മുവിലെ നര്‍വാലില്‍ ഇരട്ടസ്ഫോടനം; ഒന്‍പതുപേര്‍ക്ക് പരുക്ക്

jammu
SHARE

റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങുന്നതിനിടെ ജമ്മുവിലെ നര്‍വാലില്‍ ഇരട്ടസ്ഫോടനത്തില്‍ ഒന്‍പതുപേര്‍ക്ക് പരുക്ക്. പ്രദേശം അടച്ച സുരക്ഷാസേന വ്യാപക തിരച്ചില്‍ തുടങ്ങി. ഐഇഡി സ്ഫോടനമാണെന്നും ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

ജനത്തിരക്കേറിയ നര്‍വാലില്‍ യാര്‍ഡ് നമ്പര്‍ ഏഴിലാണ് സ്ഫോടനമുണ്ടായത്. രാവിലെ പത്തുമണിക്ക് ആദ്യസ്ഫോടനം, 20 മിനിറ്റിന് ശേഷം രണ്ടാമത്തെ സ്ഫോടനം. കാറില്‍ സൂക്ഷിച്ച സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും റോഡിനും കേടുപാടുകള്‍ പറ്റി. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ദേശീയ അന്വേഷണ ഏജന്‍സിയും സംസ്ഥാന അന്വേഷണ ഏജന്‍സിയും സ്ഥലത്തെത്തി പരിശോധന നടത്തി. കരസേനയുടെയും ജമ്മു കശ്മീര്‍ പൊലീസിന്‍റെയും ഉന്നതരും നര്‍വാലില്‍ പരിശോധന നടത്തി. സ്ഫോടനത്തെ അപലപിച്ച ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പരുക്കേറ്റവര്‍ക്ക് അടിയന്തര സഹായമായി 50,000 രൂപ പ്രഖ്യാപിച്ചു.

റിപ്പബ്ലിക് ദിനമടുത്തിരിക്കെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ജമ്മു കശ്മീരിലൂടെ തുടരുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മാറ്റമില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ആവശ്യമായ സുരക്ഷയൊരുക്കാന്‍ ലഫ്. ഗവര്‍ണറോട് ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നതാണെന്നും സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

9 injured as twin blasts rock Jammu's Narwal

MORE IN INDIA
SHOW MORE