മോദിയുടെ ഗുജറാത്തില്‍ ആം ആദ്മി വേര് പിടിക്കുമ്പോള്‍; ലക്ഷ്യമിട്ടതും നേടിയതും

New Project (4)
SHARE

2011 ല്‍ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട, പത്തുവയസ്സ് പ്രായം മാത്രമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി, ആ പാര്‍ട്ടി 2024 ഓടുകൂടി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിലെ പ്രധാന മുഖമാകാന്‍ കാത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ ആംആദ്മി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകള്‍ ഒരുപാടാണ്. അതിനാല്‍ വരുന്ന ഓരോ തെരഞ്ഞെടുപ്പും ആംആദ്മി പാര്‍ട്ടിക്ക് നിര്‍ണായകവുമാണ്. ഡല്‍ഹിയിലെ ഒരു പാര്‍ട്ടി എന്നതിലുപരി ദേശീയ രാഷ്ട്രീയത്തില്‍ ഒരു മുഖം നിര്‍മിച്ചെടുക്കാനാണ് എഎപി നിലവില്‍ ശ്രമിക്കുന്നത്. ഗുജറാത്തിലെ എഎപിയുടെ തിളക്കമാര്‍ന്ന ‘എന്‍‌ട്രി’ ആ വഴിക്കുള്ള ആദ്യചുവടാകും. 

ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ നാട്ടില്‍ വേരുറപ്പിക്കാനാണ് ആംആദ്മിയുടെ ശ്രമം. സംസ്ഥാനത്ത് എഎപി എത്ര സീറ്റ് നേടി എന്നതിലല്ല മറിച്ച് ഗുജറാത്ത് എന്ന സംസ്ഥാനത്ത് എത്രത്തോളം സ്വാധീനമുണ്ടാക്കാന്‍ ആംആദ്മി എന്ന പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പോടെ ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. 

സ്വാതന്ത്യാനന്തരം കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് വിരുദ്ധ ആശയവുമായാണ് ബിജെപി വേരുറപ്പിക്കുന്നത്. പിന്നീട് 2000 കടന്നതോടെയാണ് ബിജെപിയുടെ ഗുജറാത്ത് എന്നതില്‍ നിന്ന് സംസ്ഥാനം മോദിയുടെ ഗുജറാത്ത് എന്ന് അറിയപ്പെടാന്‍ തുടങ്ങുന്നത്. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി കൂടിയായതോടെ ഗുജറാത്ത് മോദി പ്രഭാവത്തിന്‍റെ തണലില്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ഉയരുകയായിരുന്നു.

ഇതേ ഗുജറാത്തില്‍, മോദിയുടെ നാട്ടിലാണ് ആം ആദ്മി പാര്‍ട്ടി വളരാന്‍ ആഗ്രഹിക്കുന്നത്. മോദിയുടെ നാട്ടില്‍ തുടങ്ങി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ഉയരാനാണ് ആംആദ്മിയുടെ ശ്രമം. ബിജെപിക്ക് തുടര്‍ഭരണം കിട്ടിയെങ്കില്‍ പോലും ആംആദ്മി ഉറപ്പിച്ച സീറ്റുകള്‍ ഗുജറാത്തില്‍ ബിജെപിയുടെ എതിര്‍കക്ഷികളില്‍ ഒരാളായി ഉയരാന്‍ ആംആദ്മി പാര്‍ട്ടിയെ സഹായിക്കും. അതായത് മോദിയുടെ ഗുജറാത്തില്‍ വ്യക്തമായ അടിത്തറ ഉണ്ടാക്കി എടുക്കാന്‍ ആംആദ്മി പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 98 സീറ്റുകള്‍ ഗുജറാത്തില്‍ ആംആദ്മി നേടുമെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രതീക്ഷിച്ചിരുന്നു, അത്തരം പ്രതീക്ഷകള്‍ക്കൊത്ത് വളര്‍ന്നില്ലെങ്കില്‍ പോലും ആആംആദ്മിക്ക് ഗുജറാത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചു എന്നതാണ് നിലവില്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ പ്രാധാന്യത്തോടെ വീക്ഷിക്കുന്നത്. എങ്കില്‍ പോലും പാര്‍ട്ടിയുടെ സ്വപ്നം പോലെ ഒരു മൂന്നാം മുന്നണി എന്ന ആംആദ്മിയുടെ സ്വപ്നത്തിന് ഇനിയും സമയം എടുത്തേക്കാം. 

ഗുജറാത്തിലെ പതിറ്റാണ്ടുകളായി തുടരുന്ന ബിജെപി ഭരണത്തിന് മാറ്റം ആഹ്വാനം ചെയ്തുകൊണ്ടാണ് എഎപി ഇത്തവണ കളത്തിലിറങ്ങിയത്. മാറ്റം ആഗ്രഹിക്കുന്നവര്‍ തങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട് എന്നു തന്നെയാണ് എഎപി തെരഞ്ഞെടുപ്പില്‍ ഉടനീളം പറഞ്ഞിരുന്നത്. അതുതന്നെയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നതും. ഡൽഹിയിലും പഞ്ചാബിലും എഎപി നടപ്പാക്കിയ പദ്ധതികളുടെ തുടര്‍ച്ചയും ഗുജറാത്തില്‍ എഎപി വാഗ്ദാനം ചെയ്തിരുന്നു. അതിനാല്‍ തന്നെ താഴ്ന്ന വിഭാഗത്തില്‍ പെട്ടവരില്‍ പലരും ഏറെ പ്രതീക്ഷയോടെയാണ് എഎപിയെ കാണുന്നത്. 

ഗുജറാത്തില്‍ അക്കൗണ്ടു തുറന്നു എന്നത് മാത്രമല്ല തൊട്ടു മുന്‍പു നടന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ വിജയവും മുന്‍പോട്ടുള്ള വഴികളില്‍ എഎപിക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ മൂക്കിനു കീഴിലാണ് എഎപി ബിജെപിയെ മുട്ടുകുത്തിച്ച് ഡല്‍ഹി കോര്‍പറേഷന്‍റെ ഭരണം സ്വന്തമാക്കുന്നത്. 15 വര്‍ഷമായി തുടര്‍ന്ന് പോന്ന ബിജെപി ഭരണത്തിനാണ് ഇവിടെ എഎപി അവസാനം കുറിച്ചത്. ഇതോടെ എന്നും ബിജെപിയെ രക്ഷിക്കാന്‍ മോദി പ്രഭാവത്തിനാവില്ലെന്നും ആംആദ്മി പാര്‍ട്ടി പറയുകയാണ്.

ഒരു പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ 2024 ഓടു കൂടി ദേശീയ തലത്തില്‍ വളരാനാണ് എഎപി ലക്ഷ്യമിടുന്നത്. പഞ്ചാബ് തിരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസിനെയാണ് എഎപി തങ്ങളുടെ  എതിര്‍കക്ഷിയായി കണ്ടതെങ്കില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പോടു കൂടി അത് ബിജെപിയായി മാറുകയാണ്. ഡല്‍ഹി വിജയത്തിനൊപ്പം, ഗുജറാത്തില്‍ ആം ആദ്മി പാർട്ടി കരുത്തോടെ അക്കൗണ്ട് തുറക്കുമ്പോള്‍ മോദിയുടെ ശക്തരായ എതിരാളികളായി എഎപി ഉയരും. എങ്കില്‍ പോലും ഒരു മൂന്നാം മുന്നണി എന്ന നിലയില്‍ ഇന്ത്യയുടെ ദേശീയ രാഷ്ട്രീയ ഭൂപടത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് വളരാനും അതിന്‍റെ നേതാവായി അരവിന്ദ് കെജ്‌‌രിവാളിന് ഉയര്‍ന്നുവരാനും ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം.

Aam Aadmi Party took root in Gujarat

MORE IN INDIA
SHOW MORE