ചെന്നൈ–തെങ്കാശി; രാത്രി മുഴുവൻ ട്രെയിനിൽ; സ്റ്റാലിൻ യാത്ര വൈറൽ

stalin-train
SHARE

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഒരു രാത്രി മുഴുവന്‍ ട്രെയിനില്‍ സഞ്ചരിച്ചു സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള ചെന്നൈയില്‍ നിന്ന് അറുന്നൂറിലധികം കിലോമീറ്റര്‍ അകലെ സംസ്ഥാനത്തിന്റെ തെക്കു–പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജില്ലയായ തെങ്കാശിയിലെത്തി പൊതുപരിപാടികളില്‍ പങ്കെടുത്തത് വന്‍ ആഘോഷമാക്കി പ്രവര്‍ത്തകര്‍. ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി ഇത്രയും ദൂരം ട്രെയിനില്‍ സഞ്ചരിച്ച് പരിപാടികളില്‍ പങ്കെടുക്കുന്നത്.

 

എഗ്്മോറില്‍ നിന്ന് തുടങ്ങി, പിന്നിട്ടത് 620 കിലോമീറ്റര്‍ യാത്ര

എഗ്്മോര്‍ റയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രി  8.40നുള്ള പൊതികൈ എക്സ്പ്രസിലാണു സി.എം. യാത്ര തുടങ്ങിയത്. രാവിലെ 6.30നു തെങ്കാശി റയില്‍വേ സ്റ്റേഷനിലെത്തി. തുടര്‍ന്നു കുറ്റാലത്തുള്ള സര്‍ക്കാര്‍ അതിഥി മന്ദിരത്തിലേക്കു പോയി. വിവിധ സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കാനായിരുന്നു മുഖ്യന്റെ ട്രെയിന്‍ യാത്ര. ഒപ്പം ഡി.എം.കെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നേരിട്ടു ജനങ്ങളിലെത്തിക്കാനും. പാത നവീകരണ ജോലികളെ തുടര്‍ന്നു തെങ്കാശിയിലേക്കുള്ള പാതയില്‍ ഏറെകാലമായി ട്രെയിന്‍ ഓടിയിരുന്നില്ല. ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിറകെയാണു തെക്കുപടിഞ്ഞാറന്‍ തമിഴകത്തിന്റെ ജീവനാഡിയായ പാതയിലൂടെ തീവണ്ടികളുടെ ശബ്ദം വീണ്ടും മുഴങ്ങിത്തുടങ്ങിയത്. ഇതു സര്‍ക്കാരിന്റെ നേട്ടമായാണു ഡി.എം.കെ അവതരിപ്പിക്കുന്നത്. ഇക്കാര്യം  ജനശ്രദ്ധയില്‍ കൊണ്ടുവരാനാണു പത്തര മണിക്കൂര്‍ നീണ്ട 'മുതലമച്ചരുടെ ട്രെയിന്‍ പയനം'. വിവിധ ക്ഷേമപദ്ധതികളില്‍ അപേക്ഷ നല്‍കിയ ഒരു ലക്ഷം പേര്‍ക്കുള്ള സഹായ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. അണ്ണാഡി.എം.കെ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന തെങ്കാശി ഉള്‍പ്പെടുന്ന ദക്ഷിണ തമിഴ്നാട്ടില്‍ ഡി.എം.കെയ്ക്ക് വേരോട്ടമുണ്ടാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യവുമുണ്ടു .യാത്രയ്ക്ക്. പ്രത്യേകിച്ചും മേഖലയിലെ അണ്ണാഡി.എം.കെ മുഖവും പ്രബല സമുദായ തേവര്‍ വിഭാഗത്തിന്റെ നേതാവുമായ ഒ. പനീര്‍സെല്‍വം അണ്ണാഡി.എം.കെയില്‍ നിന്ന് ഏതാണ്ടു പുറത്തായി നില്‍ക്കുന്ന സാഹചര്യത്തില്‍.

ആഡംബര സലൂണില്‍ യാത്ര.

മുഖ്യമന്ത്രി ട്രെയനില്‍ യാത്ര നടത്തിയെന്നു കേള്‍ക്കുമ്പോള്‍ സാധാരണക്കാരുടെ കോച്ചിലായിരുന്നു യാത്രയെന്നൊന്നും കരുതേണ്ട. പൊതികൈ എക്സ്പ്രസിന്റെ ഏറ്റവും അവസാനത്തില്‍ പ്രത്യേക സലൂണ്‍ കൂട്ടിച്ചേര്‍ത്തായിരുന്നു മുഖ്യന്റെയും പരിവാരങ്ങളുടെയും യാത്ര. രണ്ടു ബാത്ത് അറ്റാച്ചഡ് കിടപ്പുമുറികള്‍, ലിവിങ് റൂം, പ്രത്യേക അടുക്കള, ഡൈനിങ് ടേബിള്‍, സോഫ അടങ്ങിയ ആഡംബ സലൂണ്‍ കോച്ച് ഇതിനായി പ്രത്യേകം ട്രെയിനില്‍ ഘടിപ്പിക്കുകകയായിരുന്നു.  മുഖ്യമന്ത്രിയുടെ യാത്ര കണക്കിലെടുത്ത് ട്രെയിന്‍ കടന്നുപോകുന്ന വിഴുപ്പുറം,തിരുച്ചിറപ്പള്ളി, ദിണ്ഡിഗല്‍, മധുര റയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

MORE IN INDIA
SHOW MORE