സ്വകാര്യ കമ്പനി നിര്‍മിച്ച പി.എസ്.എല്‍.വി. മോട്ടോറിന്റെ പരീക്ഷണം വിജയം; പുതുനീക്കം

isro-new-move
SHARE

പൂണൈയിലെ എക്കണോമിക് എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി  നിര്‍മിച്ച പി.എസ്.എല്‍.വി. എക്സ് എല്‍. വേരിയന്റിനുള്ള ബൂസ്റ്റര്‍ മോട്ടോറിന്റെ പരീക്ഷണം വിജയകരമെന്നു ഇസ്റോ. ശ്രീഹരികോട്ടയിലിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നടന്ന പരീക്ഷണം തൃപ്തികരമാണെന്നു ഇസ്റോ ട്വീറ്റ് വഴി അറിയിച്ചു. എന്‍ജിന്റെ പരീക്ഷണം ഇന്നലെയാണു നടന്നത്. ഇതോടെ പി.എസ്.എല്‍.വിയുടെ ഭാഗങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി സ്വകാര്യ കമ്പനികള്‍ നേടി.

ഇസ്റോയുടെ എക്കാലത്തെയും വിശ്വസ്ത ഉപഗ്രഹ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി (പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) നിര്‍മാണം സ്വകാര്യ മേഖലയ്ക്കു കൈമാറുന്നതിന്റെ തുടക്കമാണു  കമ്പനിയുടെ പി.എസ്..ഒ എം..എക്സ്.എല്‍. മോട്ടോര്‍ നിര്‍മാണമെന്നാണു വിലയിരുത്തല്‍. 2019ലാണു മോട്ടോറിന്റെ സാങ്കേതിക വിദ്യ സ്വകാര്യ കമ്പനിക്കു ഇസ്റോ കൈമാറിയത്.

റോക്കറ്റ് നിര്‍മാണം ഇനി സ്വകാര്യ മേഖലയിലും

എച്ച്.എ.എല്‍– എല്‍ ആന്‍ഡ് ടി സംയുക്ത സംരംഭത്തെ പി.എസ്.എല്‍.വി.–എക്സ്.എല്‍. റോക്കറ്റ് നിര്‍മിക്കാനായി ഈയിടെ തിരഞ്ഞെടുത്തിരുന്നു. ഇസ്റോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ  ലിമിറ്റഡാണു നിര്‍ണായക റോക്കറ്റിന്റെ നിര്‍മാണ പങ്കാളികളെ തിരഞ്ഞെടുത്തത്. വാണിജ്യ വിക്ഷേപണങ്ങള്‍ക്കപ്പുറത്ത് ദേശീയ താല്‍പര്യങ്ങളുള്ള നിരവധി വിക്ഷേപണ ദൗത്യങ്ങളാണു ഇസ്റോയ്ക്കു മുന്നിലുള്ളത്. ഇതിനുമാത്രം വിക്ഷേപണ വാഹനങ്ങള്‍ സ്വയം നിര്‍മിക്കാനുള്ള ശേഷി നിലവില്‍ ഇസ്റോയ്ക്കില്ല. ഓരോ റോക്കറ്റും വിക്ഷേപണത്തറയിലെത്തിക്കണമെങ്കില്‍ മാസങ്ങള്‍ നീണ്ട അധ്വാനം വേണം. ഇക്കാരണത്താല്‍ തന്നെ തുടരെയുള്ള വിക്ഷേപണ ദൗത്യങ്ങള്‍ക്ക് പരിമിതിയുമുണ്ട്. 

ഇതിനെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണു സാങ്കേതിക വിദ്യ കൈമാറ്റം ചെയ്തു റോക്കറ്റ് ഘടക നിര്‍മാണം സ്വകാര്യ മേഖലയ്ക്കു കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പി.എസ്.എല്‍.വി. അടക്കമുള്ള റോക്കറ്റുകളുടെ നിര്‍ണായക ഘടകങ്ങള്‍ ഇങ്ങനെ നിര്‍മിക്കാനാണു തീരുമാനം. ഇതിന്റെ തുടക്കമാണ് പി.എസ്.ഒ.എം.എക്സ്.എല്‍. മോട്ടോര്‍ പൂണൈയിലെ കമ്പനി നിര്‍മിച്ചത്. എന്നാല്‍ ഏതെല്ലാം ഭാഗങ്ങളുടെ നിര്‍മാണം ഇങ്ങനെ ഔട്ട് സോഴ്സ് ചെയ്യുമെന്നു വ്യക്തമല്ല. റോക്കറ്റിന്റെ നിര്‍ണായക ഭാഗങ്ങളുടെ നിര്‍മാണവും കാസ്റ്റിങും പുറം കരാര്‍ നല്‍കുമോയെന്നതു സംബന്ധിച്ചും ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നാസ അടക്കമുള്ള നിരവധി വിദേശ ബഹിരാകാശ ഏജന്‍സികള്‍ ഈ രീതി പിന്തുടരുന്നുണ്ട്. റോക്കറ്റ് നിര്‍മാണം പുറംകരാര്‍ നല്‍കുന്നതോടെ ഇസ്റോയ്ക്ക് ഗവേഷണത്തിനു കൂടുതല്‍ സമയം കിട്ടും. പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ മനുഷ്യ വിഭവ ശേഷി അടക്കം ഉപയോഗപ്പെടുത്താനുമാകും.

MORE IN INDIA
SHOW MORE