24 സീറ്റുകളിൽ നോട്ടയോട് തോറ്റു; കെട്ടിവെച്ച കാശ് പോലും കിട്ടില്ല; 'ആപ്പി'ന്റെ വിധി

kejriwal-aap
SHARE

ഗുജറാത്ത്, ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.ആം ആദ്മി പാർട്ടി രണ്ട് സംസ്ഥാനങ്ങളിലും മൽസരിക്കുകയും സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നിരുന്നാലും, ഫലം പാർട്ടിയുടെ പ്രതീക്ഷകൾക്ക് വിരുദ്ധമാണ്. ഹിമാചലിൽ 67 സീറ്റുകളിൽ മത്സരിച്ച പാർട്ടി ഇപ്പോൾ ഏതാണ്ട് എല്ലാ സീറ്റുകളിലും കെട്ടിവെച്ച തുക നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ്. ഡെപ്പോസിറ്റ് ലാഭിക്കുന്നതിന് ഒരു സ്ഥാനാർത്ഥി ഒരു നിയോജക മണ്ഡലത്തിൽ ആകെ പോൾ ചെയ്ത സാധുവായ വോട്ടിന്റെ ആറിലൊന്ന് അല്ലെങ്കിൽ 16.7 ശതമാനം എങ്കിലും ഉറപ്പിക്കണം.

24 സീറ്റുകളിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികൾ നോട്ടയോട് തോറ്റു. 14 സീറ്റിൽ മാത്രം 1,000 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. 2 സീറ്റുകളിൽ ആം ആദ്മി പാർട്ടിക്ക് ഒരു ശതമാനം വോട്ട് പോലും നേടാൻ കഴിഞ്ഞില്ല.  

ഹിമാചൽ പ്രദേശിൽ കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചുകഴിഞ്ഞു. സിപിഎമ്മിന് കാര്യമായ സ്വാധീനമുള്ള സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. 11 സീറ്റുകളിലാണ് സിപിഎം മൽസരിച്ചത്. പക്ഷേ കയ്യിലുണ്ടായിരുന്ന ഒരു സീറ്റ് കൂടി നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. സിപിഎമ്മിന്റെ തിയോഗ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാണ് മുന്നിൽ. സിറ്റിങ് എം.എൽ.എ രാകേഷ് സിൻഹ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി കുൽദീപ് സിങ് റാത്തോർ 13970–ഓളം വോട്ടുകൾ നേടിയാണ് മുന്നിലെത്തിയത്. ബി.ജെ.പി സ്ഥാനാർഥി അജയ് ശ്യാം 10576 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. രാകേഷ് സിൻഹക്ക് 9879 വോട്ടാണ് ലഭിച്ചത്. 

MORE IN INDIA
SHOW MORE