‘രാമഭക്തരുടെ നാട്ടിൽ രാവണൻ എന്ന് വിളിക്കരുത്’; ഖാര്‍ഗെയോട് മോദി

kharge-modi-gujarat
SHARE

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ 'രാവണൻ' പ്രയോഗത്തിനെതിരെ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കാലോലിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മോദി മറുപടിയുമായി രംഗത്തെത്തിയത്. ഖർഗയെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ രാമഭക്തരുടെ നാട്ടിൽ ഒരാളെ രാവണൻ എന്ന് വിളിക്കുന്നത് ശരിയല്ല. ഗുജറാത്ത് രാമഭക്തരുടെ സംസ്ഥാനമാണെന്ന് കോൺഗ്രസിന് അറിയില്ല– മോദി പറഞ്ഞു.

ആരാണ് മോദിയെ കൂടുതൽ വിമർശിക്കുക എന്നതിൽ കോണ്‍ഗ്രസിൽ മത്സരമുണ്ട്.  കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു കോൺഗ്രസ് നേതാവ് മോദിയുടെ മരണം പ‍ട്ടിയുടെ മരണം പോലെയാകുമെന്നാണ് പറഞ്ഞത്. വെറെയൊരാള്‍ ഹിറ്റലറുടെ മരണം പോലെയാകുമെന്ന്. എനിക്കൊരു അവസരം കിട്ടിയാൽ മോദിയെ ഞാൻ കൊല്ലും എന്ന് വരെ പറഞ്ഞു. പാറ്റയെന്നും രാക്ഷസനെന്നും രാവണൻ എന്നുമൊക്കെ വിളിക്കുന്നവരുണ്ട്. അതിൽ ആശ്ചര്യമൊന്നും ഇല്ല. മോദിയെ വിമർശിക്കുന്നത് അവകാശമായാണ് കോൺഗ്രസ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞാഴ്ചയാണ് തിരഞ്ഞെടുപ്പ് റാലിക്കിടെ മല്ലികര്‍ജുൻ ഖർഗെ മോദിയെ രാവണനുമായി താരതമ്യപ്പെടുത്തി പരാമർശം നടത്തിയത്. പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ മറന്നാണ് തിരഞ്ഞെടുപ്പ് കാമ്പയിന് രംഗത്ത് ഇറങ്ങുന്നത്. നിങ്ങൾക്ക് എത്ര രൂപങ്ങളുണ്ട്. മോദിക്ക് രാവണനെ പോലെ 100 തലകളുണ്ടോ എന്നായിരുന്നു ഖര്‍ഗെയുടെ പരാമര്‍ശം. തിങ്കളാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഖര്‍ഗെയുടെ പരാമർശം ആയുധമാക്കുകയാണ് ബിജെപി.

MORE IN INDIA
SHOW MORE