മോദിയെ രാവണനെന്നു വിളിച്ച് ഖർഗെ; ഗുജറാത്തിന്റെ പുത്രനെ അപമാനിച്ചെന്ന് ബിജെപി

modi-ravan-congress
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ‌ ഖർഗെ ‘രാവണൻ’ എന്നു വിളിച്ചതിനെച്ചൊല്ലി വിവാദം പുകയുന്നു. പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തുവന്നു.

ഗുജറാത്തിലെ അഹമ്മദാബാദിൽ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലായിരുന്നു ഖർഗെയുടെ മോദി വിമർശനം. ‘മോദിജി പ്രധാനമന്ത്രിയാണ്. പക്ഷേ സ്വന്തം ജോലി മറന്ന് അദ്ദേഹം കോർപറേഷൻ‌ തിരഞ്ഞെടുപ്പിലും എംഎൽഎ തിരഞ്ഞെടുപ്പിലും എംപി തിരഞ്ഞെടുപ്പിലുമൊക്കെ പ്രചാരണപരിപാടിയുമായി നടക്കുകയാണ്. അദ്ദേഹം എപ്പോഴും സംസാരിക്കുന്നത് അദ്ദേഹത്തെപ്പറ്റി മാത്രമാണ്. ഞങ്ങൾ എത്ര തവണയാണ് നിങ്ങളുടെ മുഖം കാണുന്നത്? നിങ്ങൾക്ക് എത്ര രൂപമുണ്ട്? നിങ്ങൾക്കു രാവണനെപ്പോലെ നൂറു തലയുണ്ടോ?’ എന്നിങ്ങനെയായിരുന്നു ഖർഗെയുടെ പ്രസംഗം.

‘മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പോ കോർ‌പറേഷൻ‌ തിരഞ്ഞെടുപ്പോ സംസ്ഥാന തിരഞ്ഞെടുപ്പോ ആകട്ടെ, സ്ഥാനാർഥികൾ മോദിയുടെ പേരു പറഞ്ഞാണ് വോട്ടുതേടുന്നത്. സ്ഥാനാർഥിയുടെ പേരിൽ വോട്ടു ചോദിക്കൂ. മോദി ഒരു മുനിസിപ്പാലിറ്റിയിലേക്കു വന്ന് ജോലി ചെയ്യുമോ, നിങ്ങൾക്ക് ആവശ്യള്ളപ്പോൾ വന്നു സഹായിക്കുമോ?’ ഖർഗെ ചോദിച്ചു. അതേസമ‌യം, ഗുജറാത്തിനെയും അതിന്റെ പുത്രനെയും കോൺഗ്രസ് തുടർച്ചയായി അപമാനിക്കുകയാണ് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം. 

MORE IN INDIA
SHOW MORE