ജാതിമാറി വിവാഹം: മകളെ വെടിവച്ചു കൊന്ന് സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച് മാതാപിതാക്കൾ

parents-murder
SHARE

യുപിയിലെ മധുരയിൽ ഇരുപത്തിരണ്ടുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായ വഴിത്തിരിവ്. മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്ത ഡൽഹി സ്വദേശിനിയായ ആയുഷി യാദവിനെ കൊലപ്പെടുത്തിയത് സ്വന്തം പിതാവ് തന്നെയെന്ന് യുപി പൊലീസ് വെളിപ്പെടുത്തി. പെൺകുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി മധുര പൊലീസ് അറിയിച്ചു.

മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ മകൾ വിവാഹം ചെയ്തതും പതിവായി വീട്ടുകാരെ ധിക്കരിച്ച് രാത്രിയിൽ പുറത്തുപോകുന്നതും പിതാവ് നിതേഷ് യാദവിനെ പ്രകോപിതനാക്കി. വീട്ടുകാരോട് പറയാതെയാണ് ഛത്രപാൽ എന്നയാളെ ആയുഷി വിവാഹം കഴിച്ചതെന്ന് പൊലീസ് പറയുന്നു. ഭാര്യയുടെയും മകന്റെയും അറിവോടെ നിതേഷ് ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ആയുഷിയെ വെടിവച്ച് വീഴ്ത്തുകയും മൃതദേഹം സ്യൂട്ട്‌കേസിൽ പൊതിഞ്ഞ് മധുരയിൽ തള്ളുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വലിയൊരു സ്യൂട്ട്കേസിൽ ആയുഷിയുടെ മൃതദേഹം തൊഴിലാളികൾ കണ്ടെത്തിയത്. ശരീരമാസകലം മുറിവുള്ള മൃതദേഹം പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു. പെൺകുട്ടിയെ തിരിച്ചറിയാനായി സിസിടിവി ദൃശ്യങ്ങളും ഫോൺ വിവരങ്ങളും പൊലീസ് പരിശോധിച്ചു. ഡൽഹിയിൽ പോസ്റ്ററുകളും പതിച്ചു. ഞായറാഴ്ച അഞ്ജാത കോൾ വഴി പെൺകുട്ടിയുടെ വിവരങ്ങൾ ലഭിച്ചതോടെ ആയുഷിയുടെ കുടുംബത്തെ കണ്ടെത്തി. തുടർന്ന് ആയുഷിയുടെ അമ്മയും സഹോദരനും ഫോട്ടോയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞു. പിതാവിനെ ചോദ്യം ചെയ്തതോടെ കൊലപാതക വിവരങ്ങളും പുറത്തുവന്നു.

ഉത്തർപ്രദേശിലെ ഗൊരഖ്പുരിലെ ബലൂനി സ്വദേശിയാണ് നിതേഷ്. ജോലി ലഭിച്ചതോടെ കുടുംബം ദക്ഷിണ ഡൽഹിയിലെ ബദർപൂരിലേക്ക് താമസം മാറ്റുകയായിരുന്നു. ഡൽഹിയിൽ ബിരുദ വിദ്യാർഥിനിയായിരുന്നു ആയുഷി ചൗധരി. 

MORE IN INDIA
SHOW MORE