‘വെള്ളം നിഷേധിച്ച മേധാ പട്കർ പദയാത്രയിൽ; ഗുജറാത്ത് സഹിക്കില്ല’: രാഹുലിനോട് മോദി

modi-rahul
SHARE

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിക്കൊപ്പം, നർമദ അണക്കെട്ട് പദ്ധതിക്കെതിരായി സമരം നയിക്കുന്ന സാമൂഹികപ്രവർത്തക മേധാ പട്കർ പങ്കെടുത്തതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മൂന്നു പതിറ്റാണ്ടുകളായി നർമദാ അണക്കെട്ട് പദ്ധതിക്ക് തടസ്സമുണ്ടാക്കുന്ന സ്ത്രീയുമായി ഒരു കോൺഗ്രസ് നേതാവ് പദയാത്ര നടത്തിയതായി കണ്ടു’ എന്നാണു രാജ്കോട്ട് ജില്ലയിലെ റാലിക്കിടെ മോദി പറഞ്ഞത്.

മേധാ പട്കർ ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകൾ സൃഷ്ടിച്ച നിയമതടസ്സങ്ങൾ കാരണം നർമദാ നദിക്ക് മുകളിലൂടെ സർദാർ സരോവർ അണക്കെട്ട് നിർമിക്കാനുള്ള പദ്ധതി മൂന്ന് പതിറ്റാണ്ട് തടസ്സപ്പെട്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മേധാ പട്കർ ഗുജറാത്തിനെ അപകീർത്തിപ്പെടുത്തി. വോട്ട് ചോദിക്കാനെത്തുമ്പോൾ പദ്ധതിക്ക് എതിരായവരുടെ തോളിൽ കൈയിട്ടാണ് പദയാത്ര നടത്തിയതെന്ന് കോൺഗ്രസിനോട് പറയണമെന്നും മോദി ആഹ്വാനം ചെയ്തു.

2017ലാണ് അണക്കെട്ട് ഉദ്ഘാടനം ചെയ്തത്. മേധാ പട്കറിനെ ചേർത്തുപിടിച്ചതിലൂടെ കോൺഗ്രസും രാഹുൽഗാന്ധിയും ഗുജറാത്തിനോടുള്ള വിരോധം വെളിപ്പെടുത്തിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. പതിറ്റാണ്ടുകളായി ഗുജറാത്തികൾക്ക് വെള്ളം നിഷേധിക്കുന്നവർക്കൊപ്പമാണ് രാഹുൽ എന്നും ഇത് സംസ്ഥാനം സഹിക്കില്ലെന്നും പട്ടേൽ ട്വീറ്റ് ചെയ്തു.

MORE IN INDIA
SHOW MORE