ഗൗതം നവ്​ലാഖ ജയിൽമോചിതൻ; വീട്ടുതടങ്കലിലേക്ക് മാറ്റി

gautamnavlakha-20
ചിത്രം: പിടിഐ
SHARE

ഭീമ– കൊറേഗാവ് കേസിൽ അറസ്റ്റിലായിരുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്​ലാഖയെ നവി മുംബൈയിലെ തലോജ ജയിലിൽ നിന്നും ശനിയാഴ്ച നവി മുംബൈയിലെ വീട്ടിലേക്ക് മാറ്റി. വീട്ടുതടങ്കലിൽ സൂക്ഷിച്ചാൽ മതിയെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണിത്. 70കാരനായ ഗൗതം വിചാരണത്തടവിലായിരുന്നു. 

ആരോഗ്യനില മോശമായതിനെ തുടർന്നാണ് നവ്​ലാഖയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യയാണ് കോടതിയെ സമീപിച്ചത്. വീട്ടുതടങ്കലിലേക്ക് മാറ്റരുതെന്നും ആരോഗ്യനില സംബന്ധിച്ച് കോടതിയെ ഗൗതം തെറ്റിദ്ധരിപ്പിക്കുകയാണെന്നുമുള്ള എൻ.ഐ.എ വാദം തള്ളിയാണ് സുപ്രീംകോടതി വീട്ടുതടങ്കലിലേക്ക് മാറ്റിയത്. കോടതി വിധിയിൽ പഴുതുകൾ കണ്ടെത്താൻ ശ്രമിക്കരുതെന്ന് എൻ.ഐ.എയോട് കോടതി പറഞ്ഞു. ആരോഗ്യ കാരണങ്ങൾ മുൻനിർത്തി ഒരു മാസത്തേക്കാണ് നിലവിൽ വീട്ടുതടങ്കൽ അനുവദിച്ചിരിക്കുന്നത്. ദുരുപയോഗം ചെയ്താൽ വീട്ടുതടങ്കൽ റദ്ദാക്കുമെന്നും കോടതി അറിയിച്ചു. 

നവി മുംബൈയിലെ സിപിഎം ഓഫിസിലെ ലൈബ്രറിയോട് ചേർന്നാകും നവ്​ലാഖ താമസിക്കുക. പൊലീസിനാണ് ഈ കെട്ടിടത്തിന്റെ നിയന്ത്രണം. മുഴുവൻ സമയവും വീട്ടുപരിസരം സിസിടിവി നിരീക്ഷണത്തിലായിരിക്കും. ഈ കാലയളവിൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാൻ അനുമതിയില്ല. നിമിഷ നേരത്തേക്ക് പോലും നിർദേശങ്ങളിൽ വീഴ്ച വരുത്തരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. മുൻ പശ്ചാത്തലം കൂടി പരിഗണിച്ചാണ് ഗൗതത്തിന്റെ ആവശ്യം അംഗീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഡൽഹി സ്വദേശിയാണ് ഗൗതം. 

ഭീമ–കൊറേഗാവിൽ 2018 ഡിസംബർ 31 ന് നടന്ന ദലിത് സംഗമമാണ് തുടർന്ന് കലാപം ഉണ്ടാകാൻ കാരണമെന്ന് ആരോപിച്ചാണ്  ഗൗതവും, വരവരറാവുവും ഫാ. സ്റ്റാൻ സ്വാമിയും ഉൾപ്പടെ 16 മനുഷ്യാവകാശപ്രവർത്തകർക്കെതിരെ എൻ.ഐ.എ കേസെടുത്തത്. ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും എൻ.ഐ.എ ആരോപിച്ചിരുന്നു. സ്റ്റാൻസ്വാമി ജയിൽവാസക്കാലത്ത് അന്തരിച്ചു. സുധഭരദ്വാജും, വരവരറാവുവും നിലവിൽ ജാമ്യത്തിലാണ്. മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെയ്ക്കു വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും അപ്പീൽ നൽകാൻ എൻഐഎ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയാണ്. 

Gautam Navlakha released from jail, to be under house arrest

MORE IN INDIA
SHOW MORE