പ്രിയയുടെ സഹോദരന് ജോലി; ധനസഹായം; വീട്ടിലെത്തി ആശ്വസിപ്പിച്ച് സ്റ്റാലിൻ

stalinpriya-18
SHARE

സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സാ പിഴവിനെ തുടര്‍ന്നു മരിച്ച വനിതാ ഫുട്ബോള്‍ താരത്തിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ മരിച്ച ക്വീന്‍ മേരീസ് കോളജ് വിദ്യാര്‍ഥിനിയായ പ്രിയയുടെ വ്യാസര്‍പാടിയിലെ വീട്ടിലാണു മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തിയത്. 

കാറ്റു നിറച്ച തോല്‍പന്തായിരുന്നു പ്രിയയുടെ ലോകം. കാല്‍പന്തിലൂടെ രാജ്യത്തിന്റെ അഭിമാനമാകാന്‍ കൊതിച്ച 17കാരിയുടെ ജീവനെടുത്തതു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കൊടിയ അനാസ്ഥയാണ്. ശസ്ത്രക്രിയയ്ക്കുശേഷം രക്തയോട്ടം തടസപെടും വിധം വരിഞ്ഞുമുറുക്കി ബാന്‍ഡേജിട്ടതാണു മരണത്തില്‍ കലാശിച്ചത്. മരണം നടന്നു മൂന്നു നാള്‍ തികയും മുന്‍പേയാണ് കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വ്യാസര്‍പാടിയിലെ കൊച്ചുകൂരയിലേക്കു മുഖ്യമന്ത്രിയെത്തിയത്. ആശ്വാസ ധനസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തുലക്ഷം രൂപയുടെ ചെക്ക്  കുടുംബത്തിനു കൈമാറി. സഹോദരനെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിച്ചുള്ള ഉത്തരവും സ്റ്റാലിന്‍ കയ്യില്‍ കരുതിയിരുന്നു.

മഴപെയ്താല്‍ വെള്ളം കയറുന്ന വീടിനു പകരം പുതിയ വീടു വച്ചുനല്‍കാമെന്നും സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കി. അതേസമയം സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡോക്ടര്‍മാര്‍ ഫോണുകള്‍ ഓഫാക്കി ഒളിവില്‍പോയി. ലിഗ്മെന്റ് തകരാര്‍ പരിഹരിക്കാനുള്ള ശസ്ത്രക്രിയയ്ക്കുശേഷം രക്തയോട്ടം നിലയ്ക്കുന്ന രീതിയില്‍ അശ്രദ്ധമായി ബാന്‍ഡേജിട്ടതാണ് താരത്തിന്റെ ജീവനെടുത്തതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

Stalin visits deceased footballer Priya's home handover solatium, appointment order for her brother

MORE IN INDIA
SHOW MORE