ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം; മെറ്റ ഇന്ത്യയ്ക്ക് പുതിയ മേധാവി; ആരാണ് സന്ധ്യ?

sandhya-devanathan
SHARE

ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയ്ക്ക് ഇന്ത്യയില്‍ പുതിയ മേധാവിയായി സന്ധ്യ ദേവനാഥന്‍ ചുമതല ഏറ്റെടുക്കാനൊരുങ്ങുന്നു. തലപ്പത്ത് നിന്നും മലയാളി കൂടിയായ അജിത്ത് മോഹന്‍ രാജിവച്ചതിന് പിന്നാലെയാണ് സന്ധ്യ ചുമതല ഏറ്റെടുത്തത്. അജിത്ത് മോഹന്‍റെ രാജിക്കു ശേഷം ഇന്ത്യയില്‍ വാട്സാപ്പിന്‍റെ തലവനായ അഭിജിത്ത് ബോസും മെറ്റയുടെ പബ്ലിക്ക് പോളിസി ഡയറക്ടറായ രാജീവ് അഗര്‍വാളും രാജിവച്ചിരുന്നു. പൊടുന്നനെയുള്ള രാജിക്ക് ശേഷമുള്ള പ്രതിസന്ധിയ്ക്ക് നടുവിലേക്കാണ് സന്ധ്യ ദേവനാഥന്‍റെ വരവ്. വെല്ലുവിളികള്‍ മറിക്കടക്കുമോ ഈ 46കാരി. ആരാണ് സന്ധ്യ ദേവനാഥന്‍...? 

ആഗോള ലീഡര്‍

2023 ജനുവരി ഒന്നിനാണ് പുതിയ മെറ്റ ഇന്ത്യയുടെ വൈസ് പ്രസിഡന്‍റ് എന്ന പുതിയ ദൗത്യത്തിലേക്ക് സന്ധ്യ ദേവനാഥന്‍ പ്രവേശിക്കുക. ആഗോള ബിസിനസ് ലീഡറായി 22 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളയാള്‍. ബാങ്കിങ്, പേയ്മെന്‍റ്, ടെക്നോളജി എന്നീ മേഖലയില്‍ അന്തര്‍ദേശീയ കരിയറും സന്ധ്യ വളര്‍ത്തിയെടുത്തു. സേയ്ഡ് ബിസിനസില്‍ നിന്നും സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ സന്ധ്യ ആന്ധ്ര യൂണിവേഴ്സിറ്റിയില്‍ നിന്നും ബിടെക് ചെയ്തു. തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കി. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ മുന്നേറ്റവും വൈവിധ്യവും പ്രോത്സാഹിപ്പിക്കാന്‍ ശക്തമായി വാദിക്കുന്ന വ്യക്തിയാണ് സന്ധ്യ. പെപ്പര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലും പ്രവര്‍ത്തിച്ചു. മെറ്റയിലെ വിമൻ@എപിഎസിയുടെ എക്‌സിക്യൂട്ടീവ് സ്‌പോൺസറും ഗെയിമിംഗ് വ്യവസായത്തിലെ വൈവിധ്യമാർന്ന പ്രാതിനിധ്യം മെച്ചപ്പെടുത്തുന്നതിനുള്ള ആഗോള മെറ്റാ സംരംഭമായ പ്ലേ ഫോർവേഡിന്റെ ആഗോള ലീഡുമാണ് ഈ വനിത.

മെറ്റയിലേക്കുള്ള വരവ്

2016ലാണ് സന്ധ്യ മെറ്റയില്‍ ചേര്‍ന്നത്. ഗ്രൂപ്പ് ഡയറക്ടറായി സിങ്കപ്പൂര്‍, വിയറ്റ്നാം എന്നിവടങ്ങളിലെ ബിസിനസ് സാമ്രാജ്യത്തിന്‍റെ മുന്നേറ്റത്തിന് വലിയ പങ്കുവഹിച്ചു. കമ്പനിയുടെ ഇ–കോമേഴ്സ് രംഗത്തും പ്രാവിണ്യം നേടി. 2020ലെ ട്രാന്‍സ്ഫറിന് ശേഷം മെറ്റയുടെ ഏറ്റവും വലിയ നിക്ഷേപമേഖലയായ  എഷ്യ–പേസിഫിക്ക് ഗെയിമിങ് ശ്രമങ്ങൾക്ക് നേതൃത്വം നൽകി കമ്പനിയെ വളര്‍ത്തി. 'ഡിജിറ്റല്‍ മുന്നേറ്റത്തിന്‍റെ ഭാഗമായി റീല്‍സും, ബിസിനസ് മെസേജിങുകളും ഇന്ത്യയിലാണ് ആദ്യം കൊണ്ടുവന്നത്. വാട്സപ്പില്‍ ജിയോ മാര്‍ട്ടിനെ വികസിപ്പിച്ചത് പുതിയൊരു ഷോപ്പിങ് അനുഭവം തന്നെയുണ്ടാക്കി കഴിഞ്ഞു. ഇതുപോലെ ഇന്ത്യയുടെ പുതിയ ലീഡറെയും സ്വാഗതം ചെയ്യുന്നു. ടീമിനെ വളര്‍ത്തുന്നതിലും ബിസിനസിലും റെക്കോര്‍ഡ് നേടി കഴിവ് തെളിയിച്ച സന്ധ്യയെ മെറ്റ ഇന്ത്യയുടെ വളര്‍ച്ചയിലേക്ക് എത്തുന്നതിന്‍റെ ത്രില്ലിലാണ് ഞങ്ങളും'– സോഷ്യല്‍ മീഡിയ ചീഫ് ബിസിനസ് ഓഫിസറായ മാര്‍നേ ലെവിന്‍ പറഞ്ഞതിങ്ങനെ.

വെല്ലുവിളികള്‍

ഇന്ത്യയില്‍ ഫെയ്സ്ബുക്കിന് നിയന്ത്രണം വന്നിരുന്നു. ഇതോടെ വെല്ലുവിളികളും വര്‍ധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ബിഗ് ടെക് കമ്പനികളെ നിയന്ത്രിക്കുന്ന നിയമങ്ങൾ കർശനമാക്കിയതോടെയാണ് ഫെയ്സ്ബുക്ക് വെല്ലുവിളികൾ നേരിടാന്‍ തുടങ്ങിയത്. ഇന്ത്യയിൽ വ്യാജ വാർത്തകളും വിദ്വേഷ പ്രസംഗങ്ങള്‍ വ്യാപിക്കുന്നത് തടയാൻ കമ്പനിക്ക് കഴിഞ്ഞില്ലെന്ന പേരിലാണ് വിമർശനങ്ങൾ നേരിടുന്നത്. ഇതെല്ലാം മെറ്റ ഇന്ത്യയുടെ പുതിയ മേധാവിയെ കാത്തിരിക്കുന്ന കടമ്പകളാണ്.

MORE IN INDIA
SHOW MORE