ചരിത്രം കുറിക്കാൻ ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ് 'വിക്രം– എസ്': ഉറ്റുനോക്കി ലോകരാജ്യങ്ങൾ

vikramswbnew
SHARE

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റായ വിക്രം-എസ് വികസിപ്പിച്ചെടുത്ത് ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്. റോക്കറ്റുകൾ വിക്ഷേപിക്കുന്നതിന് ഐഎസ്ആർഒയുമായി ധാരണാപത്രം ഒപ്പുവെച്ച ആദ്യ സ്റ്റാർട്ടപ്പ് കൂടിയാണ് സ്കൈറൂട്ട്. 'വിക്രം എസ്' വിക്ഷേപിക്കുന്നതിലൂടെ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന രാജ്യത്തെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്കൈറൂട്ട് മാറുകയും ചെയ്യും. 

രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിക്ഷേപണം എന്നതിലുപരി, 'പ്രാരംഭ്' എന്ന് പേരിട്ടിരിക്കുന്ന സ്കൈറൂട്ട് എയ്‌റോസ്‌പേസിന്റെ കന്നി ദൗത്യം കൂടിയാണിത്. വിക്രം എസിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട ദൗത്യത്തിന് കമ്പനി നൽകിയിരിക്കുന്ന പേരാണ് 'പ്രാരംഭ്'. ചെന്നൈ ആസ്ഥാനമായുള്ള എയ്റോ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ്കിഡ്‌സിന്റെ നേതൃത്വത്തിൽ ഇന്ത്യ, യുഎസ്, സിംഗപ്പൂർ,  ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വികസിപ്പിച്ച 2.5 കിലോഗ്രാം ഭാരം വരുന്ന ഫൺ-സാറ്റ് ഉൾപ്പെടെ മൂന്നു ഉപഗ്രഹങ്ങളാണ് വിക്രം എസ് വഴി വിക്ഷേപിക്കുന്നത്. 

ചെലവ് കുറഞ്ഞ ഉപഗ്രഹ വിക്ഷേപണ സേവനങ്ങളിലേക്കും ബഹിരാകാശ പറക്കലുകളിലേക്കും സ്‌കൈറൂട്ട് ലക്ഷ്യമിടുന്നു. ബഹിരാകാശ ദൗത്യങ്ങൾ വേഗത്തിലാക്കുന്നതിനും ഇസ്രോയ്ക്കൊപ്പം പ്രവർത്തിക്കുന്നതിൽ രാജ്യത്തെ സ്വകാര്യ മേഖലയുടെ കഴിവ് പ്രകടിപ്പിക്കുന്നതിനുമായാണ് നവംബർ 18 ന് രാവിലെ 11:30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്രം എസ് ദൗത്യം വിക്ഷേപിക്കുന്നത്. ഇക്കഴിഞ്ഞ നവംബർ 14 നാണ് ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാലിത് മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും ശാസ്ത്രജ്ഞനുമായ വിക്രം സാരാഭായിയോടുള്ള ആദര സൂചകമായാണ് സ്‌കൈറൂട്ടിന്റെ വിക്ഷേപണ വാഹനത്തിന്  'വിക്രം' എന്ന് പേര് നൽകിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് ബഹിരാകാശ കമ്പനികളുടെ ഇടയിലേക്ക് ഇന്ത്യയും അഭിമാന പൂർവം നടന്നു കയറുകയാണ്. 2020-ൽ ഭാരതസർക്കാർ ഇന്ത്യയുടെ സ്പെയ്സ് ഇൻഡസ്ട്രി പ്രൈവറ്റ് സെക്ടറുകൾക്കായി തുറന്നു നൽകിയിരുന്നു. രണ്ടു വർഷത്തിനുള്ളിൽ തന്നെ റോക്കറ്റ് ലോഞ്ചുമായി ബന്ധപ്പെട്ട് സ്കൈറൂട്ട് മുന്നോട്ടു വന്നു. വിക്രം എസ് എന്ന റോക്കറ്റ് ഒരു സബ് ഓർബിറ്റൽ ഫ്ലൈറ്റായിരിക്കും. 'പ്രാരംഭ്' എന്നത് സ്കൈറൂട്ട് കമ്പനിയുടെ ടെസ്റ്റ് മിഷനാണ്. ഇത് വിജയിച്ചാൽ വാണിജ്യകരമായ വിക്ഷേപണങ്ങൾ നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

പവൻകുമാർ ചന്ദാന, നാഥാ ഭാരത് ധാക്ക എന്നിവരാണ് സ്കൈറൂട്ട് കമ്പനിയുടെ സ്ഥാപകർ. ഇവർ ഇസ്രോയുമായി(isro) കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം 2020 ൽ ആദ്യത്തെ ഹൈപ്പർബോളിക് അപ്പർ സ്റ്റേറ്റ് എൻജിൻ ടെസ്റ്റ് ചെയ്തിരുന്നു. ഭാരതത്തിന്റെ ശാസ്ത്രജ്ഞനായ സി വി രാമന്റെ സ്മരണാർത്ഥം 'രാമൻ' എന്നാണ് അതിന് പേര് നൽകിയത്. 

2018-ൽ സ്ഥാപിതമായ സ്കൈറൂട്ട് , നൂതന സംയോജിത, 3D- പ്രിന്റിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി സ്വകാര്യമായി വികസിപ്പിച്ച ക്രയോജനിക്, ഹൈപ്പർ ഗോളിക്-ലിക്വിഡ്, ഖര ഇന്ധനം അടിസ്ഥാനമാക്കിയുള്ള റോക്കറ്റ് എഞ്ചിനുകൾ വിജയകരമായി നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്തു. ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ ഇന്ത്യയിൽ നിന്ന് ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്കൈറൂട്ട് മാറും. 2020-ൽ തുറന്ന ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയുടെ വളർച്ചയ്ക്കും ഇത് വഴിയൊരുക്കും.

MORE IN INDIA
SHOW MORE