അതിർത്തി വഴി ലഹരിക്കടത്ത്; തടയാൻ കേരള-തമിഴ്നാട് പൊലീസിന്റെ നീക്കം

DrugCombing
SHARE

ലഹരിമരുന്നിനെതിരെ കേരള - തമിഴ്നാട് പൊലീസിന്റെയും വനം വകുപ്പിന്റെയും സംയുക്ത നീക്കം. ആദ്യപടിയായി തേക്കടി ബാംബൂ ഗ്രോവിൽ തേനി- ഇടുക്കി ജില്ലകളിലെ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നു. യോദ്ധാവ് പദ്ധതിയുടെ ഭാഗമായാണ് യോഗം ചേർന്നത്.

അതിർത്തി വഴിയുള്ള  ലഹരിപദാർത്ഥങ്ങളുടെ കടത്ത് ഫലപ്രദമായി പ്രതിരോധിക്കാനുള്ള നടപടികൾക്കു വേണ്ടിയാണ് യോഗം ചേർന്നത്. ലഹരിക്കടത്ത് തടയാൻ സംയുക്ത പരിശോധനകൾ നടത്താനാണ് തീരുമാനം. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ലഹരി കടത്തിയ പ്രതികളെ തമിഴ്നാട് ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യാൻ അവസരമൊരുക്കും. പ്രതികളെ സംബന്ധിച്ച ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറുന്നതിനും യോഗത്തിൽ ധാരണയായി. 

തമിഴ്നാട്ടിലെ തേനി, കമ്പം, ഗൂഡല്ലൂർ, അരശുമര തെരുവ്, വടക്കുപ്പെട്ടി, തേവാരം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കഞ്ചാവ് ലഭിച്ചു എന്നാണ് പിടിയിലാകുന്നവർ പലപ്പോഴും കേരളത്തിലെ പൊലീസ് എക്സൈസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകുന്നത്. എന്നാൽ ഇതു സംബന്ധിച്ച് തുടർ അന്വേഷണം തമിഴ്നാട്ടിൽ ഫലപ്രദമായി നടത്താൻ കഴിഞ്ഞിരുന്നില്ല. തേനി ,ഇടുക്കി ജില്ലകളിലെ പൊലീസ്, നാർക്കോട്ടിക് ,  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കം ആരംഭിക്കുന്നതോടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

MORE IN INDIA
SHOW MORE