‘അന്ന് മോദി ഉറങ്ങാതിരുന്നു, ജാഗ്രതയോടെ ജോലി ചെയ്തു, ക്ലോക്ക് നോക്കില്ല’: ജയ്ശങ്കര്‍

modi-sleep
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർത്തവ്യ നിർവഹണ ശേഷിയെക്കുറിച്ചു വാചാലനായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത ഘട്ടത്തിൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികളുമായി രാജ്യം മുന്നോട്ടുപോകുന്ന ദിവസങ്ങളിൽ ഉറക്കംപോലുമില്ലാതെ പ്രധാനമന്ത്രി ജോലി ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. 

‘മോദി @ 20: ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകത്തെക്കുറിച്ച് കൊളംബിയ സർവകലാശാലയുടെ സ്കൂൾ ഓഫ് ഇന്റർനാഷനൽ ആൻഡ് പബ്ലിക് അഫയേഴ്സ് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. കൊളംബിയ സർവകലാശാല പ്രഫസറും നീതി ആയോഗിന്റെ മുൻ വൈസ് ചെയർമാനുമായിരുന്ന അരവിന്ദ് പനഗരിയയും ചടങ്ങിൽ പങ്കെടുത്തു.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മോദി കർമനിരതനാണെന്നു പറഞ്ഞ ജയ്ശങ്കർ, മുൻപ് അഫ്ഗാനിലെ ഇന്ത്യൻ എംബസിക്കുനേരെ ആക്രമണശ്രമം ഉണ്ടായപ്പോഴുള്ള സംഭവവും ഓർമിച്ചു. ‘ആക്രമണ വിവരം ഡൽഹിയിൽ അറിഞ്ഞപ്പോൾത്തന്നെ എല്ലാവരും കർമനിരതരായി. എവിടെനിന്നൊക്കെ സഹായം തേടി നമ്മുടെ ആളുകളെ രക്ഷപ്പെടുത്താമെന്നായിരുന്നു ചിന്ത. സമയം രാത്രി 12.30 കഴിഞ്ഞിരുന്നു. പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചു. പ്രധാനമന്ത്രി വിളിക്കുമ്പോൾ കോളർ ഐഡിയിൽ കാണിക്കില്ല. ഫോൺ എടുത്തയുടനെ, അപ്പുറത്തുനിന്നൊരു ചോദ്യം – ‘നിങ്ങൾ ഉണർന്നിരിക്കുകയാണോ?’. ‘അതേ സർ’ എന്നു മറുപടി പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു, ‘നിങ്ങൾ ടിവി കാണുന്നുണ്ടോ?. എന്താണ് അവിടെ നടക്കുന്നത്?’.

‘സർ, ആക്രമണം നടക്കുകയാണ്. എംബസിയിൽ സഹായമെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. രണ്ടു മൂന്നുമണിക്കൂറിനുള്ളിൽ സാഹചര്യം പഴയതുപോലെയാകുമെന്നാണു പ്രതീക്ഷ’ എന്നു മറുപടി നൽകി. എല്ലാം കഴിയുമ്പോൾ എന്നെ വിളിക്കണമെന്നു നിർബന്ധമായും പറഞ്ഞാണ് പ്രധാനമന്ത്രി ഫോൺ വച്ചത്.’ ജയ്ശങ്കർ പറയുന്നതിന്റെ വിഡിയോ വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു.

‘ഇങ്ങനെ പ്രവർത്തിക്കുന്നതു പ്രധാനമന്ത്രിയുടെ പ്രത്യേക കഴിവാണ്. ജോലി ചെയ്യുമ്പോൾ അദ്ദേഹം ക്ലോക്കിൽ നോക്കില്ല. കോവിഡിന്റെ സമയത്തും നമ്മളതു കണ്ടു. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയാണ് അദ്ദേഹം പൂർണ സമയവും വിനിയോഗിക്കുന്നത്. മോദിക്ക് മാറ്റം കൊണ്ടുവരാൻ കഴിയുമോ എന്നു നിങ്ങൾ ചോദിച്ചാൽ, മോദി തന്നെ ഒരു മാറ്റത്തിന്റെ ഫലമാണെന്നാണ് ഞാൻ പറയുക. അങ്ങനെയൊരാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയായതു തന്നെ രാജ്യം എത്രത്തോളം മാറി എന്നതിന്റെ തെളിവാണ്’ – ജയ്ശങ്കർ കൂട്ടിച്ചേർത്തു.

MORE IN INDIA
SHOW MORE