കാമുകന്റെ ഭാര്യയെ ക്വട്ടേഷൻ നൽകി കഴുത്തറുത്തു കൊന്നു; മുംബൈയിൽ അധ്യാപിക അറസ്റ്റിൽ

crime-india
SHARE

കാമുകന്റെ ഭാര്യയെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തി 24കാരിയായ അധ്യാപിക. ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് പ്രിയങ്ക റാവത്താണ്(29) കൊല്ലപ്പെട്ടത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ക്വട്ടേഷൻ സംഘത്തിനു മൂന്നുലക്ഷം രൂപ നൽകാമെന്ന് ഉറപ്പിച്ചാണ് അധ്യാപികയായ നികിത മത്കർ പ്രിയങ്കയെ കൊലപ്പെടുത്തിയത്.

പ്രിയങ്കയുടെ ഭർത്താവ് ദേവവ്രത് സിങ് റാവത്ത്(32) അടക്കം ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രിയങ്കയും ദേവവ്രതും നാലുവർഷമായി വിവാഹിതരായിട്ട്. ഈ വർഷമാണ് ഇയാൾ നികിതയുമായി പ്രണയത്തിലായത്. ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. ബന്ധം അവസാനിപ്പിക്കണമെന്നും ഭർത്താവിനെ വിട്ടുതരണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്കു നയിച്ചത്. എന്നാൽ പ്രിയങ്ക എങ്ങനെയാണു ബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്ന് വ്യക്തമല്ല. അവർ സ്വന്തം കുടുംബത്തോടോ ദേവവ്രതിന്റെ കുടുംബത്തോടോ ഇക്കാര്യം പറഞ്ഞിരുന്നില്ല.

സ്വകാര്യ ട്യൂഷൻ സെന്ററിലെ അധ്യാപികയാണ് നികിത. രണ്ടു മാസത്തോളം ഇന്റർനെറ്റിൽ തിരഞ്ഞാണ് ക്വട്ടേഷൻ സംഘത്തെ നികിത കണ്ടെത്തിയത്. ആദ്യം ഗൂഗിളിലും പിന്നീട് ഫെയ്സ്ബുക്കിലും തിരഞ്ഞു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രിയങ്കയെ പൻവേൽ റെയിൽവേ സ്റ്റേഷനു പുറത്ത് രാത്രി പത്തോടെ ക്വട്ടേഷൻ സംഘം കഴുത്തറുത്തു െകാന്ന ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മൂന്നു ലക്ഷത്തിൽ രണ്ടു ലക്ഷം രൂപ മുൻകൂട്ടി നൽകിയിരുന്നെന്നും പൊലീസ് കണ്ടെത്തി.

നികിത ജോലി ചെയ്യുന്ന സ്വകാര്യ ട്യൂഷൻ സെന്ററിന്റെ നടത്തിപ്പുകാരൻ പ്രവീൺ ഘഡ്ഗെ (45), ക്വട്ടേഷൻ സംഘാംഗങ്ങളായ പങ്കജ് നരേന്ദ്ര കുമാർ യാദവ് (26), ദീപക് ദിൻകർ ചോഖണ്ഡെ (25) റാവത്ത് രാജു സോനോൺ (22) എന്നിവരും അറസ്റ്റിലായി. എല്ലാവരെയും ഇന്ന് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രവീണുമായി 2018ൽ നികിതയ്ക്ക് ബന്ധമുണ്ടായിരുന്നു. ക്വട്ടേഷൻ സംഘവുമായുള്ള ഇടപാടിന് മധ്യസ്ഥത നിന്നത് പ്രവീൺ ആണ്. കൊല നടന്ന ദിവസം താനെയിൽനിന്ന് ലോക്കൽ ട്രെയിൽ ക്വട്ടേഷൻ സംഘത്തിനൊപ്പം പ്രവീണും സഞ്ചരിച്ചിരുന്നു.

MORE IN INDIA
SHOW MORE