ദലിത് കുട്ടികൾക്ക് മിഠായി നൽകിയില്ല; കട അടപ്പിച്ച് ഉടമയെ അറസ്റ്റ് ചെയ്ത് പൊലീസ്

tn-arrest
SHARE

ദലിത് വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മിഠായി നൽകാൻ വിസമ്മതിച്ച കടയുടമ അറസ്റ്റിൽ. തെങ്കാശിയിലെ ആദി ദ്രാവിഡർ സ്കൂളിലെ വിദ്യാർഥികൾക്കാണ് കടയുടമ മിഠായി നൽകാതിരുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് ഇയാളെ അറസ്റ്റു ചെയ്തത്. തെങ്കാശി ശങ്കരൻകോവിൽ പാഞ്ചാകുളം സ്വദേശി മഹേശ്വരനെയാണ് തെങ്കാശി പൊലീസ് അറസ്റ്റു ചെയ്തത്. 

അടുത്തിടെ ഗ്രാമത്തിൽ ചേർന്ന യോഗത്തിൽ ദലിത് വിഭാഗത്തിൽപ്പെട്ട ആർക്കും സാധനങ്ങൾ നൽകരുതെന്ന് തീരുമാനിച്ചതായി ഇയാൾ വിഡിയോയിൽ കുട്ടികളോട് പറയുന്നുണ്ട്. കുട്ടികളാരും ഇനി ഗ്രാമത്തിലെ കടകളിൽ വരരുതെന്നും ഇയാൾ പറയുന്നുണ്ട്. നിങ്ങളുടെ തെരുവിൽനിന്ന് ആർക്കും ഇനി സാധനങ്ങൾ വിൽക്കരുതെന്നാണ് യോഗത്തിൽ എടുത്ത തീരുമാനമെന്ന് വീട്ടിൽ പോയി പറയണമെന്നും മഹേശ്വരൻ പറയുന്നത് വിഡിയോയിൽ കേൾക്കാം. ഇതുകേട്ട് കുട്ടികൾ നിരാശരായി മടങ്ങുന്നുണ്ട്.

കടയുടമ തന്നെ പകർത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതോടെ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. മഹേശ്വരനു പുറമേ ഗ്രാമമുഖ്യനെയും അറസ്റ്റു ചെയ്തു. മഹേശ്വരന്റെ കടയും പൊലീസ് അടപ്പിച്ചു.

MORE IN INDIA
SHOW MORE