സൽമാനെ വധിക്കാൻ പദ്ധതി; ഫാംഹൗസിനടുത്ത് താമസിച്ചത് ഒന്നരമാസം, സംഘത്തിൽ ഷാർപ് ഷൂട്ടറും

salman
SHARE

നടൻ സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ട ഗുണ്ടാസംഘം മുംബൈ പൻവേലിനടുത്തുള്ള നടന്റെ ഫാം ഹൗസിനു സമീപം വീട് വാടകയ്ക്ക് എടുത്തു താമസിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി. പഞ്ചാബി ഗായകനും കോൺഗ്രസ് യുവനേതാവുമായ സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ ലോറൻസ് ബിഷ്ണോയ് സംഘം സൽമാനെ ലക്ഷ്യമിട്ടിരുന്നതായി കഴിഞ്ഞദിവസം അധികൃതർ സ്ഥിരീകരിച്ചിരുന്നു. 

മൂസാവാല കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണു വിശദാംശങ്ങൾ ലഭിച്ചത്. ഉന്നം തെറ്റാതെ വെടിവയ്ക്കുന്നയാൾ ഉൾപ്പെടെയുള്ള സംഘം നടന്റെ ഫാം ഹൗസിനടുത്ത് ഒന്നരമാസം താമസിച്ചു. ഫാം ഹൗസിലേക്കുളള റോഡിൽ സൽമാന്റെ കാർ പതിയെയാണ് സഞ്ചരിക്കാറെന്നും അധികം അംഗരക്ഷകർ ഉണ്ടാകാറില്ലെന്നും മനസ്സിലാക്കി ഇവർ കണക്കുകൂട്ടലുകൾ നടത്തി. ഫാം ഹൗസിലെ സുരക്ഷാജീവനക്കാരുമായി സൽമാന്റെ ആരാധകരെന്ന പേരിൽ ഇവർ സൗഹൃദം സ്ഥാപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. 

വർഷങ്ങൾക്കു മുൻപ് കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയതാണു സൽമാനോടുള്ള പകയ്ക്ക് കാരണമെന്നാണു സംഘത്തിന്റെ മൊഴി. ബിഷ്ണോയ് സമുദായത്തിന്റെ പവിത്രമൃഗമാണിത്. 2018ലും സൽമാനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നെന്നും പൊലീസ് പറഞ്ഞു

MORE IN INDIA
SHOW MORE