‘കോവിഡ് കാലത്ത് ഡോക്ടർമാരെ സ്വാധീനിച്ചു’: ഡോളോ ചെലവിട്ടത് 1000കോടി രൂപ

dolo-650
SHARE

കോവിഡ് കാലത്ത് രോഗികൾക്ക് ഗുളിക ശുപാർശ ചെയ്യാനായി  പാരസെറ്റമോൾ ഗുളികയുടെ 650 മില്ലിഗ്രാം പതിപ്പായ ഡോളോ ടാബ്‌ലെറ്റുകളുടെ നിർമ്മാതാവ് ഡോക്ടർമാർക്ക് 1000കോടി രൂപയുടെ പാരിതോഷികങ്ങളും സൗജന്യവും നൽകിയതായി സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. മെഡിക്കൽ റപ്രസന്റീവുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് മെഡിക്കൽ റെപ്രസന്റേറ്റീവ്സ് ഓഫ് ഇന്ത്യയാണ് കേന്ദ്രത്തിൽ നിന്ന് നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്റെ അനീതിപരമായ വിപണനരീതികൾ എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി സമർപ്പിച്ചത്.  ഇത് ഗൗരവമുള്ള വിഷയമാണെന്നും തനിക്കും കോവിഡ് ബാധിച്ചപ്പോൾ ഡോളോ 650 ശുപാർശ ചെയ്തിരുന്നെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.   തുടർന്ന് ഇക്കാര്യത്തിൽ  10 ദിവസത്തിനകം മറുപടി നൽകാൻ കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഗുളികകളിൽ 500 മില്ലിഗ്രാം വരെയുള്ളവയുടെ വിപണിവില നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാർ ആണ്. എന്നാൽ അതിന് മുകളിലുള്ളവയുടെ വില  നിർമാതാക്കൾക്ക് തീരുമാനിക്കാം.ഇതിനാലാണ് ഡോളോ 650 ശുപാർശ ചെയ്യാൻ മരുന്ന് കമ്പനി ഡോക്ടർമാരെ പ്രേരിപ്പിച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മരുന്ന് രോഗികൾക്ക് നിർദേശിക്കുന്നതിന് കമ്പനികൾ ഡോക്ടർമാർക്ക് സൗജന്യങ്ങൾ നൽകുന്നതിനെതിരെയാണ് ഫെഡറേഷൻ ഓഫ് മെഡിക്കൽ റെപ്രസന്റേറ്റീവ്സ് ഓഫ് ഇന്ത്യ പൊതുതാൽപ്പര്യഹർജി നൽകിയത്. കോവിഡ് കാലത്ത്  ഇത്തരം മരുന്നുകളുടെ അമിതവിൽപ്പന നടന്നുവെന്നും കോടതിയെ ബോധിപ്പിച്ചു.

ഡോക്ടർമാർക്ക് സമ്മാനങ്ങൾ നൽകുന്നത് തടയാൻ നിലവിൽ നിയമം ഇല്ലെന്നും  മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരീഖ് അഭിഭാഷക അപർണ ഭട്ട് എന്നിവർ  ചൂണ്ടിക്കാട്ടി. വിഷയത്തിൽ അടുത്ത വാദം സെപ്റ്റംബർ 29ന് നടക്കും.

MORE IN INDIA
SHOW MORE