എല്ലാ ഫോണുകൾക്കും ‘പൊതു ചാർജർ’; നയം നടപ്പാക്കാൻ കേന്ദ്രസർക്കാർ

mobile-charger
SHARE

എല്ലാ മൊബൈൽ ഫോണുകൾക്കും ഗാഡ്ജറ്റുകൾക്കും മറ്റ് പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൊതു ചാർജർ എന്ന നയം ഇന്ത്യയിൽ നടപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ ആലോചന. യൂറോപ്യൻ യൂണിയന്റെ പൊതുവായ ചാർജർ നയം സ്വീകരിക്കാനാണ് പദ്ധതി.  പിടിഐ റിപ്പോർട്ട് പ്രകാരം മൊബൈലുകൾക്കും എല്ലാ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൊതുവായ ചാർജറുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ കേന്ദ്ര സർക്കാർ ഉടൻ തന്നെ വിദഗ്ധ ഗ്രൂപ്പുകളെ നിയമിച്ചേക്കും . ഈ നയം യൂറോപ്യൻ യൂണിയൻ നേരത്തെ തന്നെ അംഗീകരിച്ചിട്ടുണ്ട്.

ഇ-മാലിന്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉപഭോക്താക്കൾക്ക് ചെലവ് ചുരുക്കുന്നതിനുമാണ് രാജ്യത്ത് ഒരു പൊതു ചാർജർ എന്ന നയം നടപ്പാക്കാൻ ആലോചിക്കുന്നത്. വിഷയം ചർച്ച ചെയ്യാൻ ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ഒരു മണിക്കൂർ നീണ്ട യോഗത്തിനു ശേഷമാണ് വിദഗ്ധ സംഘത്തെ രൂപീകരിക്കാൻ തീരുമാനമെടുത്തത്.പൊതു ചാർജർ നയം സങ്കീർണമായ പ്രശ്നമാണെന്ന് യോഗത്തിനൊടുവിൽ രോഹിത് കുമാർ സിങ് പറഞ്ഞു. ചാർജറുകളുടെ നിർമാണത്തിൽ ഇന്ത്യയ്ക്ക് ഒരു സ്ഥാനമുണ്ട്. അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് എല്ലാവരുടെയും അഭിപ്രായങ്ങൾ തേടണം. വ്യവസായം, ഉപയോക്താക്കൾ, നിർമാതാക്കൾ, പരിസ്ഥിതി എന്നീ മേഖലകളിലെല്ലാം പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ പല രാജ്യങ്ങളിലേക്കുമുള്ള ചാർജറുകൾ നിർമിക്കുകയും കയറ്റുമതി ചെയ്യുന്നുമുണ്ട്. അതിനാൽ പൊതുവായ ചാർജർ നയത്തിന്റെ സ്വാധീനം വിലയിരുത്തേണ്ടതുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത മിക്കവരും പറഞ്ഞു. ഇന്ത്യയിൽ പലരും വിലകുറഞ്ഞ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നതിനാൽ നയം പ്രാബല്യത്തിൽ വന്നാൽ പൊതു ചാർജറിലേക്ക് മാറുന്നത് ഫീച്ചർ ഫോണുകളുടെ വില വർധിപ്പിച്ചേക്കാമെന്നും പറയപ്പെടുന്നു.

യുഎസ്ബി ടൈപ്പ്-സി, മറ്റ് ചില ചാർജറുകൾ എന്നിങ്ങനെ രണ്ട് തരം ചാർജറുകളിലേക്ക് മാറുന്നതിനെക്കുറിച്ച് ആദ്യം ചിന്തിക്കാമെന്നും അഭിപ്രായം ഉയർന്നു. രണ്ട് മാസത്തിനുള്ളിൽ പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ വിദഗ്ധ ഗ്രൂപ്പുകൾക്ക് നിർദേശം നൽകുമെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി പറഞ്ഞു. മൊബൈൽ, ഫീച്ചർ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ധരിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ഉപയോഗിക്കുന്ന ചാർജിങ് പോർട്ടുകളെ കുറിച്ച് പഠിക്കാൻ പ്രത്യേക വിദഗ്ധ സംഘങ്ങൾ രൂപീകരിക്കും.

MORE IN INDIA
SHOW MORE