‘സ്വാതന്ത്ര്യം ആരും ഔദാര്യമായി തന്നതല്ല’; ദേശീയപതാക ഉയർത്തി മോഹൻ ഭാഗവത്

rss-flag
SHARE

ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് നാഗ്പുരിലെ സംഘടനാ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി. ആർഎസ്എസ് വോളന്റിയർമാരും പ്രചാരക്‌മാരും കനത്ത സുരക്ഷയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ സ്വയംപര്യാപ്തമാകേണ്ടതിന്റെ ആവശ്യകതയും ലോകത്തിനുമുഴുവൻ സമാധാനത്തിന്റെ സന്ദേശം നൽകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

‘വലിയ പോരാട്ടങ്ങൾക്കുശേഷമാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. അല്ലാതെ ആർക്കും അലിവുതോന്നി തന്നതല്ല. രാജ്യവും സമൂഹവും അവർക്ക് എന്താണ് തന്നത് എന്നല്ല ജനങ്ങൾ ചോദിക്കേണ്ടത്. രാജ്യത്തിന്റെ മികവിനായി എന്താണ് അവർ നൽകുന്നതെന്നാണ് ചിന്തിക്കേണ്ടത്. ത്രിവർണം ത്യാഗത്തിന്റെയും ലോകത്തിനു മുഴുവനായുള്ള അഭിവൃദ്ധിയുടെയും പ്രതീകമാണ്. സമൂഹത്തിനുവേണ്ടി ജനങ്ങൾ പ്രവർത്തിക്കണം. അങ്ങനെ മറ്റു രാജ്യങ്ങൾക്ക് ഉദാഹരണമാകണം. ഇന്ന് അഭിമാനത്തിന്റെയും നിർണയത്തിന്റെയും ദിവസമാണ്. നിരവധിപ്പേരുടെ ത്യാഗത്തിന്റെ ഫലമായി രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു. ആരുടെയും ഔദാര്യത്തിൽ കിട്ടിയ സ്വാതന്ത്ര്യം അല്ല. അതിനാൽ ഇന്ത്യ സ്വയംപര്യാപ്തമാകണം. സ്വതന്ത്രരാവണമെങ്കിൽ നമ്മൾ എല്ലാക്കാര്യത്തിലും സ്വയംപര്യാപ്തരാകണം. ദേശീയതയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുന്നതിനും ദൈനംദിന ജീവിതത്തിൽ അതു ഉൾക്കൊള്ളുന്നതിനുമായി ആർഎസ്എസ് പ്രവർത്തിക്കുന്നു.’ അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യദിനത്തിനോ റിപ്പബ്ലിക് ദിനത്തിനോ ത്രിവർണപതാക ആർഎസ്എസ് നേരത്തെ ഉയർത്തിയിരുന്നില്ല. നാഗ്പുർ ആസ്ഥാനത്ത് രണ്ടുതവണ മാത്രമായിരുന്നു ദേശീയപതാക ഉയർത്തിയിരുന്നത് – 1947 ഓഗസ്റ്റ് 15നും 1950 ജനുവരി 26നും. 2002ൽ അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായപ്പോഴാണ് ഇതിനു മാറ്റമുണ്ടായത്. പിന്നീട് ഓഗസ്റ്റ് 15നും ജനുവരി 26നും നാഗ്പൂർ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താറുണ്ട്.

MORE IN INDIA
SHOW MORE