'വീട്ടിൽ ഓഫിസ് തുടങ്ങൂ; റെയ്ഡിന് കൂടുതൽ സൗകര്യം’; ‌ഇഡിയെ ക്ഷണിച്ച് തേജസ്വി

modithejaswi
SHARE

രാഷ്ട്രീയമായി എതിർ ചേരിയിലുള്ള പാർട്ടിയിലെ നേതാക്കളെ കേന്ദ്രസർക്കാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന ആക്ഷേപത്തിനിടെ, ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ സ്വന്തം വീട്ടിലേക്ക് സ്വാഗതം ചെയ്ത് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ആവശ്യമെങ്കിൽ തന്റെ വീട്ടിൽ ഒരു ഓഫിസും തുടങ്ങാമെന്ന് തേജസ്വി പരിഹസിച്ചു. േദശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തേജസ്വിയുടെ പരാമർശം. ബിജെപി സഖ്യകക്ഷിയായിരുന്ന ജെഡിയുവിന്റെ സഹായത്തോടെ ബിഹാറിലെ ബിജെപി സഖ്യ സർക്കാരിനെ വീഴ്ത്തി രൂപീകരിച്ച പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രിയാണ് തേജസ്വി.

‘‘എന്റെ വീട്ടിൽ വന്ന് ഓഫിസ് തുടങ്ങാൻ ഞാൻ അവരെ ക്ഷണിക്കുകയാണ്. ഇഡി, സിബിഐ, ആദായാനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികൾക്കെല്ലാം വന്ന്, ആവശ്യമുള്ളിടത്തോളം കാലം ഇവിടെ താമസിക്കാം. എന്തിനാണ് രണ്ട് മാസം കഴിഞ്ഞ് പരിശോധനയ്ക്ക് വരുന്നത്? ഇവിടെത്തന്നെ താമസിച്ച്് റെയ്ഡ് ഉടൻ തന്നെ ആരംഭിക്കാം. കേന്ദ്ര ഏജൻസികൾ ബിജെപി പാർട്ടി സെൽ പോലെയാണ് പ്രവർത്തിക്കുന്നത്’ – തേജസ്വി പറഞ്ഞു.

‘ബിഹാറിൽ സർക്കാരുണ്ടാക്കുന്നതിന് മുൻകൂട്ടി ആലോചനകൾ നടന്നിട്ടില്ല. നിതീഷ് കുമാർ എൻഡിഎ സഖ്യത്തിൽ അസ്വസ്ഥനായിരുന്നു. നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാകാമെങ്കിൽ എന്തുകൊണ്ട് നിതീഷ് കുമാറിന് ആയിക്കൂടാ? അദ്ദേഹത്തിന് മതിയായ ഭരണ പരിചയമുണ്ട്. നരേന്ദ്ര മോദിക്ക് ആകാമെങ്കിൽ ആർക്കും പ്രധാനമന്ത്രിയാകാം. 2024ലെ തിരഞ്ഞെടുപ്പിനായി പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം. ഇപ്പോൾത്തന്നെ ൈവകി’’–തേജസ്വി പറഞ്ഞു.

നേരത്തെ, കേന്ദ്ര ഏജൻസികളെ ഭയക്കുന്നില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതികരിച്ചിരുന്നു. തേജസ്വിക്കും പിതാവും ആർജെഡി അധ്യക്ഷനുമായ ലാലു യാദവിനും മാതാവ് റാബ്രി ദേവിക്കും എതിരെ നിലവിൽ സിബിഐ കേസുണ്ട്.

MORE IN INDIA
SHOW MORE