പേര് പതിഞ്ഞത് നിരവധി ചരിത്രമുഹർത്തങ്ങളിൽ; വിസ്മരിക്കപ്പെട്ട് ഹകീം അജ്മല്‍ ഖാൻ

sherif-manzil
SHARE

ഇന്ത്യയുടെ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വിസ്മരിക്കപ്പെട്ട നിരവധി ഏടുകളും വ്യക്തികളുമുണ്ട്. അത്തരത്തിലൊന്നാണ്  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായിരുന്ന ഹകീം അജ്മല്‍ ഖാനും അദ്ദേഹത്തിന്‍റെ ഡല്‍ഹിയിലെ വസതിയായ ഷെരീഫ് മന്‍സിലും. മഹാത്മ ഗാന്ധി, മോത്തിലാല്‍ നെഹ്റു തുടങ്ങിയവരുമായി അടുത്ത വ്യക്തി ബന്ധം പുലര്‍ത്തിയിരുന്ന അജ്മല്‍ ഖാന്‍ ഇന്ത്യന്‍ യൂനാനി ചികിത്സയെ ആധുനികവത്കരിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തി കൂടിയാണ്. 

പുരാതന ഡല്‍ഹിയിലെ ചെളിയും, മാലിന്യവും നിറഞ്ഞ, തിങ്ങിനിറഞ്ഞ ഈ വഴികളിലൂടെ സഞ്ചരിച്ചാല്‍ ബല്ലേമാറിയിലെ ഷെരീഫ് മന്‍സിലില്‍ എത്താം. ഈ ഗലിയിലെ പൊതുവായ വൃത്തി രാഹിത്യത്തിന്‍റെ വൈരുധ്യമായി എല്ലാ ഗംഭീര്യത്തോടെയും ഷെരീഫ് മന്‍സില്‍ നിലകൊള്ളുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പതിനെട്ടാമത് അധ്യക്ഷനായിരുന്ന ഹകീം അജ്മല്‍ ഖാന്‍റെ സഹോദരന്‍റെ പേരമകന്‍ മസ്റൂര്‍ അഹ്മദ് ഖാനും കുടുംബവുമാണ് നൂറ്റാണ്ടുകളുടെ ചരിത്രത സൂക്ഷിപ്പുകാരായി ഇവിടെ ജീവിക്കുന്നത്. മുഗള്‍ ഭരണത്തിന്‍റെ സ്ഥാപകനായ ബാബറിന്‍റെ കാലത്ത് ഇന്ത്യയിലെത്തിയ യൂനാനി ഡോക്ടര്‍മാരാണ് അജ്മല്‍ ഖാന്‍റെ പൂര്‍വ്വികര്‍. ആ പാരമ്പര്യത്തിനപ്പുറത്ത് സ്വാതന്ത്ര്യസമര രാഷ്ട്രീയത്തിലെ സജീവ പങ്കാളിത്തം കൊണ്ടുകൂടിയാണ് അജ്മല്‍ ഖാന്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടത്. 1906ല്‍ സര്‍വ്വേന്ത്യ മുസ്‌ലിംലീഗിന്‍റെ രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്ത വ്യക്തി. പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഭാഗമായി, 1921 മുതല്‍ 22 വരെയുള്ള ചെറിയ കാലയളവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍. ജാമിയ മിലിയ സര്‍വ്വകലാശാലയുടെ  സഹസ്ഥാപകന്‍. അങ്ങനെ വിചിത്രവും, കൗതുകകരവുമായ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങളില്‍ അജ്മല്‍ ഖാന്‍റെ പേര് പതിഞ്ഞിട്ടുണ്ട്. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നിരവിധി കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ഷെരീഫ് മന്‍സില്‍ വേദിയായിട്ടുണ്ട്. ഗാന്ധി, മോത്തിലാല്‍ നെഹ്റു. മൗലാന അബുല്‍ കലാം ആസാദ് തടുങ്ങിയ പ്രമുഖര്‍ ഷെരീഫ് മന്‍സിലില്‍ പലതവണ സന്ദര്‍ശകരായിരുന്നു.  മൂന്ന് ഏക്കറില്‍ വ്യാപിച്ച് കിടന്നിരുന്ന ഹവേലിയില്‍ മസ്റൂര്‍ അഹ്മദ് ഖാനും കുടുംബവം താമസിക്കുന്ന ഈ ഭാഗം മാത്രമാണ് സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. നിരവധി ചരിത്ര മൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ ബാക്കി ഭാഗം ഒരു സ്മാരകം പോലുമില്ലാതെ കാലക്രമേണ നാമവശേഷമായി. 

MORE IN INDIA
SHOW MORE