സഞ്ചാരികളെ കാത്ത് അത്യാഡംബര ട്രെയിൻ; പാലസ് ഓണ്‍ വീല്‍സ് വീണ്ടും ട്രാക്കിലേക്ക്

train-tourisam
Image: Amit kg/shutterstock
SHARE

ഇന്ത്യയിലെ ആദ്യ വിനോദസഞ്ചാര ട്രെയിനാണ് പാലസ് ഒാൺ വീൽസ്. രാജസ്ഥാൻ ടൂറിസം വകുപ്പ് നടത്തുന്ന ഇൗ ട്രെയിന്‍ ലോകത്തിലെ ആഡംബര ട്രെയിനുകളിലൊന്നാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം പാലസ് ഓണ്‍ വീല്‍സ് ട്രാക്കിലേക്ക് തിരികെയെത്തുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി സർവീസ് നടത്താതിരുന്ന പാലസ് ഓൺ വീൽസ് അടുത്ത സെപ്റ്റംബർ മുതൽ വീണ്ടും ആരംഭിക്കുമെന്നാണ് രാജസ്ഥാന്‍ ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായ ധര്‍മേന്ദ്ര റാത്തോഡ് അറിയിക്കുന്നത്. പാലസ് ഓണ്‍ വീല്‍സ് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ  തിരിച്ചെത്തിക്കാനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് റാത്തോഡ് പറഞ്ഞു.

ഏഴു രാവും എട്ടു പകലും നീളുന്ന മനോഹരമായ യാത്രാനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. ഇരുപത്തിമൂന്ന് കോച്ചുകളുളള പാലസ് ഒാൺ വീൽസിൽ 104 യാത്രക്കാരെ ഉൾക്കൊളളിക്കാൻ സൗകര്യമുണ്ട്. മഹാരാജ, മഹാറാണി എന്ന പേരിൽ രണ്ട് റെസ്റ്റോറന്റുകൾ, ഒരു ബാർ കം ലോഞ്ച്, 14 സലൂണുകൾ, ഒരു സ്പാ തുടങ്ങിയവ ഇതിലുണ്ട്. പഴയകാല രജപുത്രനാട്ടുരാജ്യങ്ങളുടെ പേരിലാണ് ഇതിലെ കോച്ചുകൾ. രാജസ്ഥാനിലെ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന ഇന്റീരിയറാണ് ഉപയോഗിച്ചിരിക്കുന്നത്. ഓരോ കോച്ചിലും ആഡംബര സൗകര്യങ്ങളും വൈഫൈയും ഉള്ള നാല് ക്യാബിനുകളുണ്ട്.

രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൂടെ 3000 കിലോ മീറ്ററോളം ട്രെയിൻ സഞ്ചരിക്കും.  ഡല്‍ഹിയില്‍ നിന്ന് വൈകിട്ട് ആരംഭിക്കുന്ന യാത്ര ജയ്പ്പൂര്‍, സവായ് മധോപ്പൂര്‍, ചിറ്റോര്‍ഗഡ്, ഉദയ്പ്പൂര്‍, ജയ്‌സാല്‍മിര്‍, ജോധ്പ്പൂര്‍, ഭരത്പ്പൂര്‍, ആഗ്ര എന്നീവിടങ്ങളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ച് ഏഴാം ദിവസം മടങ്ങിയെത്തും.

പാക്കേജ് ഇങ്ങനെ 

സിംഗിൾ, ഡബിൾ, സൂപ്പർ ഡീലക്സ് എന്നീ വിഭാഗത്തിലാണ് ടിക്കറ്റുകളുള്ളത്. അതിൽ സൂപ്പർ ഡീലക്സ് മാത്രം ക്യാബിനായിട്ടും ബാക്കി രണ്ടിനും ആളിന് അനുസരിച്ചുമാണ് ടിക്കറ്റ് നിരക്കുകൾ. സെപ്റ്റംബർ 2022, ഏപ്രിൽ 2023 എന്നീ മാസങ്ങളിലെ യാത്രയ്ക്ക് ഇന്ത്യക്കാർക്ക് 42340 രൂപ മുതൽ 113880 രൂപ വരെയാണ് ടിക്കറ്റ് വില. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് 580 ഡോളർ (ഏകദേശം 46000 രൂപ) മുതൽ 1560 ഡോളർ (ഏകദേശം സൂപ്പർ 1.23 ലക്ഷം). ഒക്ടോബർ 2022 മുതൽ മാർച്ച് 2023 വരെയുള്ള കാലയളവിൽ ഇന്ത്യക്കാർക്ക് 54750 രൂപ മുതൽ 151840 രൂപ വരെയുമാണ് ടിക്കറ്റ് വില. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് 750 ഡോളർ (ഏകദേശം 59,494 രൂപ) മുതൽ 2080 ഡോളർ (ഏകദേശം സൂപ്പർ 1.64 ലക്ഷം). റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ആഡംബര ബസിലുള്ള യാത്രയും ഭക്ഷണവും മറ്റ് സേവനങ്ങളും എല്ലാം പാക്കേജില്‍ ഉള്‍പ്പെടും.

MORE IN INDIA
SHOW MORE