കുതിച്ചുയരാനൊരുങ്ങി എസ്എസ്എൽവി; വാണിജ്യ ഉപഗ്രഹ ദൗത്യങ്ങളില്‍ വന്‍മുന്നേറ്റം ലക്ഷ്യം

sslvlaunch
SHARE

ഇന്ത്യയുടെ പുതിയ ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്.എസ്.എല്‍.വിയുടെ പ്രഥമ ദൗത്യം ഞായറാഴ്ച. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നു രാവിലെ 9.18നാണു ഭൗമനിരീക്ഷണ ഉപഗ്രഹവും വിദ്യാര്‍ഥികള്‍ രൂപകല്‍പന ചെയ്ത ആസാദിസാറ്റ് എന്ന ചെറുഉപഗ്രഹവുമായി എസ്.എസ്.എല്‍.വി. കുതിച്ചുയരുന്നത്. എസ്.എസ്.എല്‍.വി പ്രവര്‍ത്തന സജ്ജമാകുന്നതോടെ  പണം വാങ്ങി ഉപഗ്രങ്ങള്‍ വിക്ഷേപിച്ചു നല്‍കുന്ന വാണിജ്യ ദൗത്യങ്ങളില്‍ വന്‍മുന്നേറ്റമുണ്ടാകുമെന്നാണു ഇസ്റോയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതീക്ഷ.

ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റിലേക്കും ഇതിനോടു ചേര്‍ന്നുനില്‍ക്കുന്ന സണ്‍സിക്രണൈസ് ഓര്‍ബിറ്റിലേക്കുമുള്ള ഏറ്റവും കുറഞ്ഞ ചെലവിലുള്ള വിക്ഷേപണം ലക്ഷ്യമിട്ടു രൂപകല്‍പന ചെയ്തതാണ് എസ്.എസ്.എല്‍.വി അഥവാ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍. 500 കിലോമീറ്റര്‍ പരിധിയില്‍ 500  കിലോ വഹിക്കാനാവുന്ന റോക്കറ്റിന്റെ അന്തിമ പരിശോധനകള്‍ മാസങ്ങള്‍ക്കു മുന്‍പ് പൂര്‍ത്തിയായിരുന്നു. ഈമാസം പ്രഥമ വിക്ഷേപണമുണ്ടാകുമെന്ന്  പിഎസ്എല്‍വി സി–53യുടെ വിക്ഷേപണ സമയത്തു ഇസ്റോ ചെയര്‍മാന്‍  മനോരമ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.

 ശ്രീഹരിക്കോട്ടയിെല ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണു എസ്.എസ്.എല്‍.വി കുതിച്ചുയരുക. തുടര്‍ന്നുള്ള എസ്.എസ്.എല്‍.വി വിക്ഷേപണമെല്ലാം ശ്രീഹരിക്കോട്ടയില്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന  സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് കോംപ്ലക്സിലേക്കു മാറ്റും. വിക്ഷേപണത്തിനൊരുക്കാന്‍ സമയവും മനുഷ്യ അധ്വാനവും കുറച്ചുമതിയെന്നാണ് എസ്.എസ്.എല്‍.വിയുടെ പ്രത്യേകത.പി.എസ്.എല്‍.വി. വിക്ഷേപണത്തിനായി ഒരുക്കാന്‍ ഒരുമാസം സമയവും 600 പേരും വേണ്ടിടത്ത് ഒരാഴ്ചയും ആറുപേരുെട അധ്വാനവുമുണ്ടെങ്കില്‍ എസ്.എസ്.എല്‍.വി. കൗണ്ട് ഡൗണിനു തയാറാക്കാം.

MORE IN INDIA
SHOW MORE