‘കഴുത്തിൽ കയർ കെട്ടി, അയാളെ കൊണ്ടുവരണം’; പാർഥയെ ചെരുപ്പൂരിയെറിഞ്ഞ് സ്ത്രീ

bengal-ed-arrest
SHARE

സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പാർഥ ചാറ്റർജിക്കെതിരെ ചെരുപ്പെറിഞ്ഞ് ഒരു വനിത. കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുവന്നപ്പോഴാണ് പാർഥയ്ക്കു നേരെ സ്ത്രീ ചെരുപ്പൂരി എറിഞ്ഞത്. സുഭദ്ര ഗഡൂയി എന്നാണ് സ്ത്രീ മാധ്യമങ്ങൾക്കു മുന്നിൽ സ്വയം പരിചയപ്പെടുത്തിയത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ അംതാല സ്വദേശിനിയാണെന്നാണ് അവർ പറഞ്ഞത്.

എന്തിനാണ് പാർഥയ്ക്കു നേരെ ചെരുപ്പൂരി എറിഞ്ഞത് എന്ന മാധ്യമങ്ങളുടെ ചോദ്യത്ത‌ിന്, ‘അയാൾ പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ച് പണം തട്ടിയെടുത്തു’ എന്നായിരുന്നു സുഭദ്രയുടെ മറുപടി.

‘എന്തിനാണെന്ന് നിങ്ങൾക്ക് അറിയില്ലേ? അയാൾ നിരവധി പാവപ്പെട്ടവരെ വഞ്ചിച്ച് പണം തട്ടിയെടുത്തു. ഫ്ലാറ്റുകൾ വാങ്ങിക്കൂട്ടി. എന്നിട്ടും നിങ്ങൾ എന്നോട് ചോദിക്കുന്നു ഞാൻ എന്തിനാണ് ഇതു ചെയ്തതെന്ന്. അയാളെ എസി കാറിൽ കൊണ്ടുവരുന്നു. കഴുത്തിൽ കയർ കെട്ടി വലിച്ചാണ് അയാളെ കൊണ്ടുവരേണ്ടത്. ഞാൻ എറിഞ്ഞ ആ ചെരുപ്പ് അയാളുടെ തലയിൽ കൊണ്ടിരുന്നെങ്കിൽ വളരെയധികം സന്തോഷിച്ചേനെ. ഇവിടെ ഭക്ഷണം പോലും ലഭിക്കാത്ത നിരവധി ആളുകളുണ്ട്. അയാൾ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു. അതുകൊണ്ട് അയാൾ ആഘോഷിച്ചു, ആ പണം കൂട്ടിവയ്ക്കുന്നതിനായി ഫ്ലാറ്റുകൾ വാങ്ങിക്കൂട്ടി. ’  സുഭദ്ര മാധ്യമങ്ങളോടു പറഞ്ഞു.

കനത്ത സുരക്ഷ്ക്കു നടുവിലൂടെയാണ് പാർഥയേയും സഹായി അർപിത മുഖർജിയേയും കൊണ്ടുവന്നിരുന്നത്. ചെരുപ്പേറിനു പിന്നാലെ പാർഥയെ സുരക്ഷാ ഉദ്യോഗസ്ഥർ അവിടെനിന്നു മാറ്റി. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും മമത മന്ത്രിസഭയിൽ വാണിജ്യ വ്യവസായ മന്ത്രിയുമായിരുന്ന പാർഥയെ സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തത്. ഇതിനു പിന്നാലെ മന്ത്രിസ്ഥാനത്തുനിന്നു പാർഥയെ പുറത്താക്കി.

പാർഥയ്ക്കൊപ്പം അറസ്റ്റിലായ അദ്ദേഹത്തിന്റെ സഹായിയും നടിയുമായ അർപിത മുഖർജിയുടെ രണ്ടു ഫ്ലാറ്റുകളിൽനിന്നായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇഡി 50 കോടി രൂപയും അഞ്ചു കിലോ സ്വർണവും വിദേശ കറൻസിയും കണ്ടെടുത്തിരുന്നു.

MORE IN INDIA
SHOW MORE