രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ സൈനികര്‍ക്കായുള്ള യുദ്ധസ്മാരകം; ചരിത്രം അറിയാം

national-war-memorial
SHARE

രാജ്യം 75 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഇനി 15 നാളുകൾ. അസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ വേളയിൽ സ്വാതന്ത്ര്യവുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള ചരിത്ര സംഭവങ്ങൾ, സ്മാരകങ്ങൾ എന്നിവയെ പരിചയപ്പെടുത്തുകയാണ് മനോരമ ന്യൂസ്.ഓരോ രാജ്യങ്ങളുടെയും ശേഷിയെ അളക്കുക അവരുടെ സൈനിക ശക്തിവച്ചുകൂടിയാണ്. ലോകത്തെ എണ്ണം പറഞ്ഞ സൈനിക ശക്തിയായ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച അന്നു മുതല്‍ രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ സൈനികര്‍ക്കായുള്ള യുദ്ധസ്മാരകമുണ്ട് ഡല്‍ഹിയില്‍. യുദ്ധസ്മാരകത്തിന്‍റെ ചരിത്രം അറിയാം. 

സ്വാതന്ത്ര്യാനന്തരം രാജ്യത്തിന് വേണ്ടി ബലിയര്‍പ്പിച്ച ധീരസൈനികരുടെ ഓര്‍മയാണിവിടെ. 2019 ഫെബ്രുവരി 25നാണ് യുദ്ധസ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. രാജ്യത്തിനായി ജീവന്‍ നല്‍കിയ 25,942 സൈനികരുടെ പേരും അവരുടെ സ്ഥാനവും റെജിമെന്‍റും ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. ഇന്ത്യ ഗേറ്റിന് സമീപമാണ് ദേശീയ യുദ്ധസ്മാരകം സ്ഥിതി ചെയ്യുന്നത്. സായുധസേനകള്‍ പങ്കെടുത്ത പ്രധാനപ്പെട്ട യുദ്ധങ്ങളും സൈനിക നേട്ടങ്ങളും ഇവിടെ കാണാം. ചക്രവ്യൂഹത്തോട് സമാനമായ നിര്‍മിതിയാണിത്. ആദ്യത്തേത്,, അമര്‍ ചക്ര, രണ്ടാമത്തേത് വീര്‍ ചക്ര, മൂന്നാമത്തേത് ത്യാഗ് ചക്ര, നാലാമത്തേത് രക്ഷക് ചക്ര. പരമോന്നത സൈനിക ബഹുമതിയായ പരംവീര്‍ചക്ര ലഭിച്ച 21 പേരുടെ വെങ്കല പ്രതിമയും ഇവിടെയുണ്ട്. 

1947ലെ ഇന്ത്യ–പാക് യുദ്ധം, 1961ല്‍ ഗോവയെ ഇന്ത്യയോട് ചേര്‍ത്തത്, 1962ലെ ഇന്ത്യ–ചൈന യുദ്ധം. 1965, 1971, 1999ലെ ഇന്ത്യ–പാക് യുദ്ധങ്ങള്‍, ഓപ്പറേഷന്‍ രക്ഷക് എന്നിവയില്‍ വീരചരമം പ്രാപിച്ചവരുടെ പേരുകളാണ് ഇവിടെയുള്ളത്. 

കൊടുംതണുപ്പിലും ചുട്ടുപൊള്ളുന്ന വേനലിലും മഴയത്തും ഇരുട്ടത്തും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ നിയോഗിക്കപ്പെട്ട സൈനികർ. ബലിദാനം എന്നത് ഉത്തരവാദിത്തവും കടമയുമായി കരുതുന്നവര്‍. അവര്‍ക്കുവേണ്ട ഉചിതസ്മാരകം തന്നെയാണിത്. 

MORE IN INDIA
SHOW MORE