മണിപ്പൂരിലെ മണ്ണിടിച്ചിൽ; 4 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; തിരച്ചിൽ

manipur
SHARE

മണിപ്പൂരിലെ നോനെയിലുണ്ടായ വൻ മണ്ണിടിച്ചിലില്‍ നാലുപേരുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ ആകെ മരണം 18 ആയി.  ഇനിയും 40നും 50നും ഇടയിൽ ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 

രാപകൽ വ്യത്യാസമില്ലാതെയുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. തുപുലു റയിൽവേ സ്റ്റേഷന് സമീപം ബുധനാഴ്ച അർധരാത്രിയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ദുരന്തമുണ്ടായി രണ്ടു ദിവസമാകുമ്പോഴും ഇടയ്ക്കിടെയുള്ള കനത്തമഴയും ചെറിയ മണ്ണിടിച്ചിലും ഇപ്പോഴും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. റയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ജീവനക്കാരും തൊഴിലാളികളും ഇവർക്ക് സുരക്ഷ നൽകാൻ ഉണ്ടായിരുന്ന ടെറിട്ടോറിയൽ ആർമി ജവാൻമാരുമാണ് അപകടത്തിൽപ്പെട്ടത്. ജിരിബാം മുതൽ ഇംഫാൽ വരെയുള്ള റയിൽവേ ലൈൻ നിർമാണമാണ് നടന്നുവന്നിരുന്നത്. വിഘടനവാദി പ്രശ്നങ്ങൾ ഉള്ളതിനാൽ ബംഗാളിലെ ഡാർജലിങ് ആസ്ഥാനമായ 107-ആം ടെറിട്ടോറിയൽ ആർമി ഇൻഫന്ററി ബറ്റാലിയന്റെ സംഘമാണ് ക്യാംപ് ചെയ്ത് സുരക്ഷ നൽകിയിരുന്നത്. ഇവർക്കൊപ്പം നാട്ടുകാരായ ചിലരും അപകടത്തിൽപ്പെട്ടു.

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെട്ട് രക്ഷാപ്രവർത്തനത്തിന് വേണ്ട സഹായങ്ങൾ മണിപ്പൂർ സർക്കാരിന് നൽകിയിട്ടുണ്ട്. വിവിധ സേന വിഭാഗങ്ങൾക്കൊപ്പം ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളും തിരച്ചിലിന്റെ ഭാഗമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായം നൽകാൻ മണിപ്പൂർ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

MORE IN INDIA
SHOW MORE