മഹാരാഷ്ട്രയിൽ വിശ്വാസവോട്ട് തിങ്കളാഴ്ച; സ്പീക്കർ തിരഞ്ഞെടുപ്പ് ഞായറാഴ്ച

maharastra
SHARE

മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിൻഡെ സർക്കാർ തിങ്കളാഴ്ച്ച വിശ്വാസവോട്ട് തേടിയേക്കും. ഞായറാഴ്ച സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. ബിജെപിക്കാണ് സ്പീക്കര്‍ പദവി.  ഷിന്‍ഡെയുള്‍പ്പെടെയുള്ള വിമത എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്യണമെന്നും നിയമസഭ നടപടികളില്‍ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി, അടിയന്തരമായി പരിഗണിക്കണമെന്ന ശിവസേനയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. അതിനിടെ, എൻസിപി അധ്യക്ഷൻ ശരദ് പവാറിന് ആദായ നികുതി വകുപ്പ് നോട്ടിസ് നൽകി.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നവിസും അധികാരമേറ്റത്തിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. സഭയിൽ ഭൂരിപക്ഷം തെളിയിക്കലും സ്പീക്കർ തിരഞ്ഞെടുപ്പുമാണ് മുഖ്യ അജൻഡ.  ബിജെപി നേതാവ് രാഹുല്‍ നര്‍വേക്കര്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക നല്‍കി. ഷിൻഡെ വിഭാഗം ഇന്നലെ ഗോവയിൽ വിളിച്ചു ചേർത്ത നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്ന ഉദ്ധവ് പക്ഷത്തെ എംഎൽഎമാർക്കെതിരെ നടപടിയെടുക്കാൻ നീക്കം തുടങ്ങി. ഇന്നലെയുണ്ടായ അപ്രതീക്ഷിത നീക്കങ്ങളുടെ ആവേശത്തിലാണ് ഷിൻഡെയുടെ തട്ടകമായ താണെ.

ഷിന്‍ഡെ പക്ഷത്തിന്‍റെ നീക്കത്തിന് സുപ്രീംകോടതി വഴി തടയിടാനുള്ള ഉദ്ധവ് താക്കറെയുടെ ശ്രമം ഫലം കണ്ടില്ല. ഷിന്‍ഡെയുള്‍പ്പെടെയുള്ള വിമത എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്യണമെന്നും നിയമസഭ നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ശിവസേനയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജി ജൂലൈ പതിനൊന്നിന് മറ്റ് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ഇതോടെ അടുത്ത ദിവസങ്ങളില്‍ നടക്കാന്‍ പോകുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പും വിശ്വാസ വോട്ടെടുപ്പും തടയാനുള്ള ശിവസേനയുടെ ശ്രമം പരാജയപ്പെട്ടു. അയോഗ്യത നടപടിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ തീരുമാനമെടുക്കുന്നതുവരെ വിമതരെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് ശിവസേന ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. അതേസമയം  തിരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളുമായി ബന്ധപ്പെട്ട് എന്‍സിപി നേതാവ് ശരദ് പവാറിന് ആദായ നികുതി വകുപ്പ് നോട്ടിസ് നൽകി. നോട്ടിസിനെ പ്രണയലേഖനമെന്ന് പവാർ പരിഹസിച്ചു.

MORE IN INDIA
SHOW MORE