അമരിന്ദർ സിങ് ബിജെപിയിലേക്ക്?; അടുത്തയാഴ്ച ലയനം പ്രഖ്യാപിച്ചേക്കും

captain-shah
SHARE

കോൺ‌ഗ്രസ് വിട്ടു പുതിയ പാർട്ടി രൂപീകരിച്ച പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് ബിജെപിയിൽ ചേർന്നേക്കും. നടുവിനു ശസ്ത്രക്രിയ നടത്തുന്നതിനായി ലണ്ടനിലാണ് അമരിന്ദര്‍ ഇപ്പോഴുള്ളത്. അടുത്ത ആഴ്ച അമരിന്ദർ മടങ്ങിയെത്തിയശേഷം ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തുമെന്നാണു വിവരം. അമരിന്ദറിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി ബിജെപിയിൽ ലയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അമരിന്ദറുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനു പിന്നാലെയാണ് അമരിന്ദർ കോൺഗ്രസ് വിട്ടത്. ബിജെപിയിൽ ചേരില്ലെന്നു പ്രഖ്യാപിച്ച അമരിന്ദർ സ്വന്തം പാർട്ടിക്കു രൂപം നൽകുകയാണു ചെയ്തത്. പിന്നീടു പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചു.

എന്നാൽ പട്യാല സീറ്റിൽ മത്സരിച്ച അമരിന്ദർ പരാജയപ്പെട്ടു. 28 സീറ്റുകളിൽ സ്ഥാനാര്‍ഥികളെ നിർത്തിയെങ്കിലും ഒരിടത്തും പാർട്ടി വിജയം കണ്ടില്ല. അമരിന്ദറിന്റെ ഭാര്യ പ്രനീത് കൗർ ഇപ്പോഴും പട്യാലയിൽനിന്നുള്ള കോൺഗ്രസിന്റെ ലോക്സഭാംഗമാണ്.

MORE IN KERALA
SHOW MORE