ഇഡി ചെറിയ വിഷയം; അഗ്നിപഥ് 'പുതിയ ചതി'; അതില്‍ ശ്രദ്ധിക്കൂ; പാര്‍ട്ടിയോട് രാഹുല്‍

rahul-agnipath
SHARE

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് വലിയ തരത്തിലുള്ള പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സൈന്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി അഗ്നിപഥ് പ്രശ്നത്തിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. അല്ലാതെ തന്നെ ഇഡി ചോദ്യം ചെയ്യുന്ന ചെറിയ വിഷയത്തില്‍ അല്ല എന്നും രാഹുല്‍.

'അവർ നമ്മുടെ സൈന്യത്തെ ദുർബലപ്പെടുത്തുകയാണ്. പിന്നീട് രാജ്യം ഇതില്‍ അനുഭവിക്കും. അവർ സ്വയം ദേശീയവാദികൾ എന്ന് വിളിക്കുന്നു. ഇഡി പ്രശ്നം വിടൂ. ഇതൊരു ചെറിയ കാര്യമാണ്. എന്നാൽ സേനയിൽ കയറാൻ കഠിനമായി പരിശീലിക്കുന്ന നമ്മുടെ യുവാക്കൾ ദേശസ്നേഹത്തിന്റെ പ്രതീകമാണ്. അവരുടെ ഭാവി സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്'. രാഹുല്‍ പറഞ്ഞു. 

'നമ്മുടെ ഇന്ത്യയുടെ മണ്ണിലാണ് ചൈനീസ് പട്ടാളം ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി, സൈന്യത്തെ ശക്തിപ്പെടുത്തുന്നതിലാണ് യഥാർഥ ദേശസ്നേഹം ഉള്ളത്. എന്നാൽ നിങ്ങൾ ഒരു 'പുതിയ ചതി'യിലൂടെ സൈന്യത്തെ ദുർബലപ്പെടുത്തുകയാണ്. രാജ്യത്തിന്റെ ഭാവി സംരക്ഷിക്കാനുള്ള ഈ മുന്നേറ്റത്തിൽ ഞങ്ങൾ യുവാക്കൾക്കൊപ്പമാണ്. ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ 'അഗ്നിപഥ്' തിരിച്ചെടുക്കണം'. രാഹുല്‍ പിന്നീട് ട്വീറ്റ് ചെയ്തത് ഇങ്ങനെ. 

MORE IN INDIA
SHOW MORE