ഷിന്‍ഡെ പാർട്ടിയിലെ കരുത്തൻ; ആദിത്യയുടെ വരവ് പ്രശ്നങ്ങളുടെ കാരണം

maharasthra
SHARE

മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ച് അധികം വൈകാതെ ശിവസേനയിലുയര്‍ന്ന അസ്വാരസ്യങ്ങളാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലെത്തിയത്. സേന രാഷ്ട്രീയത്തില്‍ താക്കറെകള്‍ കഴിഞ്ഞാല്‍ ഏറ്റവും കരുത്തനാണ് വിമതനീക്കം നടത്തിയ ഏകനാഥ് ഷിന്‍ഡെ. താക്കറെ കുടുംബത്തിലെ ഇളമുറക്കാരന്‍ ആദിത്യയുടെ കടന്നുവരവാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. 

ഏകനാഥ് ഷിന്‍ഡെ, ശിവസേനയുടെ താണെയില്‍ നിന്നുള്ള കരുത്തനായ നേതാവ് താഴെത്തട്ടില്‍ നിന്ന് വളര്‍ന്നുവന്നയാളാണ്. 1997 ല്‍ താണെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗമായ അദ്ദേഹം 2004ല ലാണ് ആദ്യം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബാല്‍ താക്കറെയുടെ ഉറ്റ അനുയായിയായിരുന്ന  ഷിന്‍ഡെ,  അണികള്‍ക്കും എംഎല്‍എമാര്‍ക്കും ഏറെ സ്വീകാര്യനാണ്. താക്കറെ കുടുംബം അധികാരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പാരമ്പര്യം തുടര്‍ന്നിരുന്നെങ്കില്‍ 2019ല്‍ മുഖ്യമന്ത്രി പദവിയിലെത്തേണ്ടിയിരുന്നത് ഏകനാഥ് ഷിന്‍ഡയെയായിരുന്നു.    ബിജെപിയുമായി 25 വര്‍ഷം നീണ്ട ബന്ധം സേന ഉപേക്ഷിഷിച്ചത് തെറ്റായ രാഷ്ട്രീയ നിലപാടെന്ന് കടുത്ത ഹിന്ദുത്വ നിലപാടുകാരനായ  ഷിന്‍ഡെ വിശ്വസിച്ചു. എങ്കിലും പാര്‍ട്ടിയില്‍ കലാപമുണ്ടാക്കാതെ അദ്ദേഹം മന്ത്രിസഭയില്‍ അംഗമായി. അഘാഡി രൂപീകരണത്തിന് വെല്ലുവിളിയായി എന്‍സിപിയില്‍ ഉണ്ടായ വിമതനീക്കം പരിഹരിക്കാന്‍ മുന്‍കയ്യെടുത്തതും ഷിന്‍ഡെയാണ്. എന്നാല്‍ ഉദ്ധവ് താക്കറെ അധികാരത്തിലെത്തിയതുമുതല്‍ പാര്‍ട്ടിയിലും മന്ത്രിസഭയിലും തനിക്ക് വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ല എന്ന പരാതി ഷിന്‍ഡെയ്ക്കുണ്ടായിരുന്നു.  ഇതിന്‍റെ കാരണമാവട്ടെ ഉദ്ധവിന്‍റെ മകന്‍ ആദിത്യ താക്കറെയുടെ വളര്‍ച്ചയും. മന്ത്രിസഭയിലും പാര്‍ട്ടിയിലും ആദിത്യ രണ്ടാമനായി മാറിയപ്പോള്‍ പാര്‍ട്ടിയിലെ സുപ്രധാന തീരുമാനങ്ങളിലൊന്നും ഷിന്‍ഡെയ്ക്ക് റോളില്ലാതായി. ഏറ്റവുമൊടുവില്‍ സ്വന്തം തട്ടകമായ താണെയില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പല്‍ സേന തനിച്ച് മല്‍സരിക്കണം എന്ന ഷിന്‍ഡെയുടെ നിര്‍ദേശവും പാര്‍ട്ടി തള്ളി . ഏതുവിധേനയും ഉദ്ധവ് താക്കറെയെ പാഠം പഠിപ്പിക്കാന്‍ അവസരം കാത്തിരുന്ന ബിജെപിയും ദേവേന്ദ്ര ഫഡ്നവിസും ഈ അസംതൃപ്തി കൃത്യമായി മുതലെടുത്തു. ഇതോടെ രാജ്യസഭാ തിരഞ്ഞെടുപ്പിലും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും ബിജെപി അട്ടിമറി ജയം നേടി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മഹാവികാസ് അഘാഡിയിലെ പല നേതാക്കള്‍ക്കെതിരെയും തിരിഞ്ഞപ്പോളും ഷിന്‍ഡെയ ഒഴിവാക്കി എന്നതും ശ്രദ്ധേയമാണ്. അതേസമയം,  മഹാവികാസ് അഘാഡി രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച എന്‍സിപി നേതാവ് ശരത്പവാറിന് സേനയ്ക്കുള്ളിലെ വിമത നീക്കങ്ങളെക്കുറിച്ച് അറിയാമായിരുന്നു എന്നു തന്നെയാണ് സൂചന.

MORE IN INDIA
SHOW MORE