മഹാരാഷ്ട്ര മുള്‍മുനയില്‍; ഉദ്ദവ് താക്കറെയെ ചതിച്ച ഏക്നാഥ് ഷിന്‍ഡെ ആരാണ്?

eknath-shinde
SHARE

'അധികാരത്തിനു വേണ്ടി ചതിക്കാനില്ല'- ഒരുപറ്റം എംഎല്‍എമാരുമായി 'കാണാതായതിനു' ശേഷം ശിവസേന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ നടത്തിയ ആദ്യപ്രതികരണമാണിത്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഭവം. ശിവസേനയില്‍ വിമത നീക്കം നടക്കുന്നതായ അഭ്യൂഹങ്ങള്‍ സത്യമായി പുലരുകയാണ്. 

21 എംഎല്‍എമാരും ഏക്നാഥ് ഷിന്‍ഡെയും അപ്രത്യക്ഷമായതോടെയാണ് മഹാരാഷ്ട്ര കുലുങ്ങിയത്. പിന്നാലെ ഇവര്‍ സൂറത്തിലെ ഒരു ഹോട്ടലിലുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു. 11 എംഎല്‍എമാര്‍ ഷിന്‍ഡെയ്‌ക്കൊപ്പമുണ്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചന. അതിനുശേഷമാണ് ഇരുപതിലധികം എംഎല്‍എമാര്‍ ഷിന്‍ഡെയ്ക്കൊപ്പമുണ്ടെന്ന വിവരം പുറത്തറിയുന്നത്. മഹാരാഷ്ട്രയെയും ഒപ്പം രാജ്യത്തെയും ഞെട്ടിച്ച രാഷ്ട്രീയ ‘ബോംബി’ന് കാരണക്കാരനായ ഏക്നാഥ് ഷിന്‍ഡെ ആരാണ്..?

'ഞങ്ങള്‍ ബാല്‍താക്കറെയുടെ അടിയുറച്ച ശിവസൈനികരാണ്. ബാലസാഹെബ് നമ്മെ പഠിപ്പിച്ചത് ഹിന്ദുത്വമാണ്. ബാലാസാഹെബിന്റെ തത്വങ്ങളും ശിക്ഷണങ്ങളും കാരണം അധികാരത്തിനായി ഒരിക്കലും ചതിച്ചിട്ടില്ല, ചതിക്കുകയുമില്ല'– എന്നാണ് ഏക്നാഥ് ഷിന്‍ഡെ ട്വീറ്റ് ചെയ്തിരിക്കുന്നത്.

2004 മുതല്‍ 2019 വരെ മഹാരാഷ്ട്ര നിയമസഭയിലേക്ക് തുടര്‍ച്ചയായി നാലുവട്ടം തിര‍ഞ്ഞെടുക്കപ്പെട്ടയാളാണ് ഏക്നാഥ് ഷിന്‍ഡെ. മാത്രമല്ല ഇദ്ദേഹത്തിന്റെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ ലോക്സഭാ എംപിയാണ്. സഹാദരന്‍ പ്രകാശ് ഷിന്‍ഡെ കൗണ്‍സിലറും. ശിവസേനയുടെ എല്ലാ കാര്യങ്ങളിലും വ്യക്തമായ തീരുമാനങ്ങളും നീക്കങ്ങളും നടത്തിയിരുന്നയാളാണ് ഇപ്പോള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്.

ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി അഞ്ച് സീറ്റിലും മഹാവികാസ് അഘാടി സഖ്യത്തിലുള്ള എന്‍സിപിയും ശിവസേനയും രണ്ട് വീതം സീറ്റുകളിലും ജയിച്ചിരുന്നു. പത്ത് എംഎല്‍സി സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി അഞ്ചും മഹാവികാസ് അഘാടി സഖ്യം ആറ് സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരുന്നത്. മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരാണ് ഉള്ളത്. അഞ്ച് എംഎല്‍സിമാരെ തിരഞ്ഞെടുക്കാനുള്ള വോട്ട് ബിജെപിക്കില്ലായിരുന്നു. എന്നിട്ടും ബിജെപിയുടെ അഞ്ചു സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പില്‍ ജയിച്ചു. 

സ്വതന്ത്രരുടേയും മറ്റു പാര്‍ട്ടിയിലെ എംഎല്‍എമാരുടേയും വോട്ട് ബിജെപിക്ക് ലഭിച്ചുവെന്നാണ് വിവരം. ശിവസേനയുടേയും കോണ്‍ഗ്രസിന്റേയും ചില എംഎല്‍എമാര്‍ തങ്ങള്‍ക്ക് ക്രോസ് വോട്ട് ചെയ്തതായി ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പിന് പിന്നാലെ വെളിപ്പെടുത്തുകയുമുണ്ടായി. വോട്ട് മറിക്കാതെ തങ്ങള്‍ക്ക് ഒരിക്കലും ജയിക്കാന്‍ സാധിക്കില്ലായിരുന്നുവെന്ന് വിജയിച്ച ബിജെപി സ്ഥാനാര്‍ഥി പ്രവീണ്‍ ദാരേക്കര്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സംഭവബഹുലമായ കാര്യങ്ങള്‍ക്ക് മഹാരാഷ്ട്ര സാക്ഷ്യം വഹിക്കുന്നത്.

എല്ലാവരും ഹാജരാകണമെന്ന് കര്‍ശന നിര്‍ദേശത്തോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചു. പാര്‍ട്ടിയുടെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ഷിന്‍ഡെയെ പുറത്താക്കിയിട്ടുമുണ്ട്. ഇതിനു പിന്നാലെയാണ് അധികാരത്തിനു വേണ്ടി ഞങ്ങള്‍ ആരെയും ചതിച്ചിട്ടില്ലെന്ന പ്രതികരണവുമായി ഏക്നാഥ് ഷിന്‍ഡെ രംഗത്തെത്തിയിരിക്കുന്നത്.

MORE IN INDIA
SHOW MORE