പിന്നോട്ടില്ല; മോദിക്ക് മാത്രം കഴിയുന്ന കാര്യം; അഗ്നിപഥ് ഉറപ്പിച്ച് ഡോവലും

modi-dovel-life
SHARE

രൂക്ഷമായ എതിർപ്പിനിടയിലും അഗ്നിപഥ് പദ്ധതിയിൽനിന്നു കേന്ദ്രസർക്കാർ പിന്നോട്ടില്ലെന്നു വ്യക്തമാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അങ്ങനെയൊരു ചോദ്യമേ ഉയരുന്നില്ലെന്ന് വാർത്താ ഏജൻസിയായ എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിൽ ഡോവൽ പറഞ്ഞു.

പുതിയ സംവിധാനം കൂടുതൽ യുവാക്കളും സാങ്കേതിക വിദഗ്ധരുമടങ്ങിയ സൈന്യത്തെ ഉറപ്പാക്കും. ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നിട്ടും ഇത്രയും ഉയർന്ന ശരാശരി പ്രായമുള്ള ഒരു സൈന്യത്തെ നിലനിർത്താൻ നമുക്ക് സാധിക്കില്ല.

‘ഇത് ഒട്ടും ആലോചനയില്ലാതെ പ്രഖ്യാപിച്ച പദ്ധതിയല്ല. നിരവധി വർഷം ചർച്ച നടത്തി. ഒട്ടേറെ സൈനിക സമിതികളും മന്ത്രിതല പാനലുകളും ഇതിനായി രൂപീകരിച്ചു. ഒരു പ്രശ്‌നമുണ്ടെന്ന് എല്ലാവർക്കും മനസ്സിലായിരുന്നു. പക്ഷേ തീരുമാനം എടുക്കാനുള്ള ഇച്ഛാശക്തിയും കഴിവും ഇല്ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരു നേതാവിന് മാത്രമേ ഇതു സാധിക്കൂ.’ അജിത് ഡോവൽ പറഞ്ഞു.

പദ്ധതിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബിഹാറിലാണ് ഏറ്റവുമധികം പ്രതിഷേധം. യുപി, ഹരിയാന എന്നിവിടങ്ങളിൽ നിന്നു ഡൽഹിയിലേക്കുള്ള വഴികളിൽ പൊലീസ് കടുത്ത നിയന്ത്രണമേർപ്പെടുത്തിയതോടെ രാജ്യ തലസ്ഥാനത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പിന്തുണയും പ്രതിഷേധക്കാർക്കുണ്ട്.

MORE IN INDIA
SHOW MORE