'കോർപ്പറേറ്റ് മേഖലയിൽ വലിയ അവസരങ്ങൾ'; അഗ്നിവിറുകള്‍ക്ക് ഓഫറുമായി ആനന്ദ് മഹീന്ദ്ര

anand-agniveer
SHARE

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം വ്യാപിക്കുന്നതിനിടെ അഗ്നിവീറുകൾക്ക് ജോലി വാഗ്ദാനം നല്‍കി വ്യവസായി ആനന്ദ് മഹീന്ദ്ര. അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക്‌ ജോലി നൽകാൻ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധമാണെന്ന് ആനന്ദ് വാഗ്ദാനം ചെയ്തു. അഗ്നിപഥ് പ്രതിഷേധങ്ങൾക്കിടെയുണ്ടായ ആക്രമണങ്ങളിൽ ദുഃഖമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

‘അഗ്നിപഥ് പ്രതിഷേധങ്ങളിലെ അക്രമങ്ങളിൽ ദുഃഖമുണ്ട്. അഗ്നിവീറുകളുടെ അച്ചടക്കവും നൈപുണ്യവും അവരെ മികച്ച തൊഴിൽ യോഗ്യരാക്കുമെന്ന് കഴിഞ്ഞ വർഷം പദ്ധതി ആവിഷ്‌കരിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു. അത് ഇപ്പോഴും ആവർത്തിക്കുന്നു. പദ്ധതിക്കു കീഴിൽ പരിശീലനം സിദ്ധിച്ച കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു.’– ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

ഏതൊക്കെ സ്ഥാനങ്ങളിലാണ് അഗ്നീവീറുകളെ മഹീന്ദ്ര നിയമിക്കുകയെന്ന് ഇതിനു മറുപടിയായി ഒരാൾ ചോദിച്ചപ്പോൾ ആനന്ദിന്റെ പ്രതികരണം ഇങ്ങനെ: ‘കോർപ്പറേറ്റ് മേഖലയിൽ അഗ്നിവീറുകൾക്കു വലിയ തൊഴിലവസരങ്ങൾ ഉണ്ട്. നേതൃത്വം, ടീം വർക്ക്, ശാരീരിക പരിശീലനം എന്നിവ ഉപയോഗിച്ച് വ്യവസായത്തിന് അനുയോജ്യമായ പ്രഫഷനൽ പരിഹാരങ്ങൾ അഗ്നിവീറുകൾ നൽകുന്നു. ഓപ്പറേഷൻസ്, അഡ്മിനിസ്ട്രേഷൻ തുടങ്ങി ചെയിൻ മാനേജ്മെന്റ് സപ്ലൈ വരെയുള്ള കാര്യങ്ങളിൽ അവരെ ഉപയോഗിക്കാം.’

അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറുന്നത്. ബിഹാറിലാണ് പ്രതിഷേധം ഏറ്റവും രൂക്ഷം. സംസ്ഥാനങ്ങളിലെ 20 ജില്ലകളിൽ ഇന്റർനെറ്റ് സേവനത്തിനു വിലക്കേർപ്പെടുത്തി. 350 ട്രെയിൻ സർവീസുകൾ റദ്ദാക്കി. പ്രതിഷേധങ്ങൾക്ക് കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും പിന്തുണ അറിയിച്ചിട്ടുണ്ട്.

MORE IN INDIA
SHOW MORE