കാലി കന്നാസുകൾ; ആഴ്ചയിലൊരിക്കൽ വെള്ളം; 40 വർഷമായി കുസുംപുർ പഹാടിയുടെ കാഴ്ച

delhiwaterwb
SHARE

നാല്‍പത് വര്‍ഷമായി കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ഒരു തെരുവുണ്ട് ഡല്‍ഹിയില്‍. ഭരണസിരാകേന്ദ്രത്തിന്  വെറും പത്ത് കിലോമീറ്റര്‍ മാത്രം അകലെ കുസുംപുര്‍ പഹാടിയിലെ ജനങ്ങളാണ് കുടിവെള്ളത്തിനായി ദുരിതമനുഭവിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ വെള്ളവുമായി എത്തുന്ന ജല ബോര്‍ഡിന്റെ ടാങ്കറാണ് ഇവര്‍ക്ക് ഏക ആശ്രയം.

കുസുംപുര്‍ പഹാടിയിലെ തെരുവില്‍ എവിടെ നോക്കിയാലും കന്നാസുകള്‍ കാണാം. പക്ഷെ ഒന്നിലും വെള്ളമുണ്ടാകില്ല. ആഴ്ചയിലൊരിക്കല്‍ ഡല്‍ഹി ജല്‍ബോര്‍ഡിന്റെ ടാങ്കര്‍ വരുമ്പോള്‍ വെള്ളം ശേഖരിച്ച് വെയ്ക്കാനാണ് മുറ്റം നിറയെ കന്നാസുകള്‍ നിരത്തി ഇവര്‍ കാത്തിരിക്കുന്നത്.   കുടിവെള്ളത്തിനായി ടാങ്കറുകളുടെ പിറകെയുള്ള  അലച്ചില്‍ തുടങ്ങിയിട്ട് നാല്‍പത് വര്‍ഷമായി. പലരോടും പരാതി പറഞ്ഞെങ്കിലും  ഇന്നും ദുരിതം തുടരുന്നു. പഠനം പോലും മറന്ന് കുട്ടികള്‍ക്ക്  വെള്ളത്തെ കുറിച്ചുള്ള ആശങ്കമാത്രമേയുള്ളൂവെന്നാണ് ഒരമ്മ പറയുന്നത്. 

വെള്ളത്തിനായി ചിലയിടങ്ങളില്‍ മാത്രമാണ്  കുഴല്‍ കിണറുകളുള്ളത്.  എന്നാല്‍ അതിലെ വെള്ളവും മലിനമാണെന്നാണ് ഇവര്‍ പറയുന്നത്. പതിനയ്യായിരത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന തെരുവില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ജലവിതരണത്തിനായി ടാങ്കറുകള്‍ എത്തുന്നത്. കുടിവെള്ളത്തിനായി പരക്കംപായുന്ന ജനത പിന്നെ ടാങ്കറിന് പിറകേ നെട്ടോട്ടമോടേണ്ട അവസ്ഥ. 

കുടിവെള്ളമെടുക്കാനായുള്ള തിരക്ക് മിക്കവാറും വഴക്കിലാണ് കലാശിക്കുന്നത്. വെള്ളത്തിനായുള്ള കാത്തിരിപ്പില്‍ പലപ്പോഴും ഇവര്‍ക്ക് കുട്ടികളെപ്പോലും ശ്രദ്ധിക്കാന്‍ കഴിയാറില്ല. വീടിന് അടുത്ത് കുടിവെള്ളത്തിനായി പൈപ്പ് വേണമെന്നതാണ് ഇവരുടെ സ്വപ്നം.  കാലമിത്രയായിട്ടും സര്‍ക്കാരുകള്‍ തങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരം കാണാത്തതില്‍ സ്വയം പഴിക്കുകയാണിവര്‍.

MORE IN INDIA
SHOW MORE