'അനാഥന്‍ സ്നേഹിക്കാന്‍ ആരുമില്ല'; നൂറിലേറെ സ്ത്രീകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; അറസ്റ്റ്

marriage-elope
SHARE

മാതാപിതാക്കളും സഹോദരങ്ങളും വാഹനാപകടത്തില്‍ മരിച്ചുവെന്നും അനാഥനാണെന്നും വിശ്വസിപ്പിച്ച് നൂറോളം സ്ത്രീകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഒഡീഷ സ്വദേശിയായ ഫര്‍ഹാന്‍ തസീര്‍ഖാനാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി വ‍ഞ്ചിച്ചുവെന്ന ഡല്‍ഹി എയിംസിലെ ഡോക്ടറുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു.

മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇയാള്‍ ഡോക്ടറെ പരിചയപ്പെട്ടത്. എ‍ഞ്ചിനീയറിങ് ,എംബിഎ യോഗ്യതയുള്ളയാളാണ് താനെന്നും ബിസിനസ് ചെയ്യുന്നുവെന്നുമാണ് ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയതിനു പിന്നാലെ, ബിസിനസ് വിപുലീകരിക്കാനായി പലതവണയായി 15 ലക്ഷം രൂപ ഡോക്ടറിൽനിന്നു ഫർഹാൻ വാങ്ങിയെന്നാണ് ആരോപണം. 

നിരവധി ഐഡികള്‍ ഇയാള്‍ ഉപയോഗിക്കുന്നുവെന്ന് പൊലീസ് കണ്ടെത്തി. കൊൽക്കത്തയിലായിരുന്ന ഇയാളെ പിന്തുടർന്ന പൊലീസിനു ഡൽഹിയിലെ ഹോട്ടലിൽവച്ചാണ് അറസ്റ്റ് ചെയ്യാനായത്. വിവിഐപി റജിസ്ട്രേഷൻ നമ്പരുള്ള ആഡംബര കാർ സ്വന്തമാണെന്നു ധരിപ്പിച്ചാണ് ഇയാൾ സ്ത്രീകളെ വശീകരിക്കുകയെന്നും പൊലീസ് പറയുന്നു. അന്വേഷണത്തില്‍ ഇയാള്‍ വിവാഹിതനാണെന്നും മൂന്ന് വയസുള്ള മകളുണ്ടെന്നും കണ്ടെത്തി. ഇയാളുടെ പിതാവും സഹോദരങ്ങളും ജീവിച്ചിരിപ്പുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 

MORE IN INDIA
SHOW MORE