അസഹനീയമായ ചൂടും പൊടിയും; വനിത നിര്‍മാണത്തൊഴിലാളികള്‍ ആരോഗ്യപ്രശ്നത്തിൽ

laboureswb
SHARE

കനത്ത ചൂടിനൊപ്പം മലിനീകരണവും കൂടിയതോടെ ഡല്‍ഹിയിലെ വനിത നിര്‍മാണത്തൊഴിലാളികള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുടെ ഭീഷണിയില്‍. നിര്‍മാണ തൊഴിലാളികള്‍ക്കായി ഗ്രീന്‍ ഡല്‍ഹി ആപ്പ് പോലുള്ളവ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പലര്‍ക്കും അതെന്താണെന്ന് പോലും അറിയില്ല. മക്കള്‍ക്കൊപ്പമാണ്  ഉഷ പണിയിടത്തിലേയ്ക്കെത്തുന്നത്.  പകല്‍ സമയത്തെ അസഹനീയമായ ചൂടും പൊടിയും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍  തളര്‍ത്തുന്നുണ്ട്. പക്ഷെ ജോലിയെടുക്കാതിരിക്കാന്‍ വയ്യല്ലോ എന്നാണ് മുപ്പത്തൊന്നുകാരി ഉഷ പറയുന്നത്.

ഡല്‍ഹിയിലെ നിര്‍ധനരായ സ്ത്രീകളില്‍ വലിയൊരു വിഭാഗം പേരും  നിര്‍മാണമേഖലയില്‍ തൊഴിലെടുക്കുന്നവരാണ്. കഴിഞ്ഞ വര്‍ഷമാണ് നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായും മലിനീകരണം കുറക്കുന്നതിനായും സര്‍ക്കാര്‍ ഗ്രീന്‍ ഡല്‍ഹി ആപ്പ് പുറത്തിറക്കിയത്. വേനല്‍കാലത്ത് തൊഴിലിടങ്ങളിലെ മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ നിര്‍മാണത്തൊഴിലാളികള്‍ക്ക് ആപ്പ് വഴി പരാതിപ്പെടാം എന്നതാണ് ആപ്പ് കൊണ്ട് തൊഴിലാളികള്‍ക്കുള്ള ഗുണം. എന്നാല്‍ അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്ത ഡല്‍ഹിയിലെ മിക്ക നിര്‍മാണത്തൊഴിലാളികളും ഇങ്ങനൊരു ആപ്പിനെ കുറിച്ച് കേട്ടിട്ട് പോലുമില്ല . വീട്ടിലെ ജോലികള്‍ തീര്‍ത്തിട്ടാണ് ഇവര്‍ ഇഷ്ടിക ചുമക്കാനും സിമന്റ് കൂട്ടാനുമൊക്കെ എത്തുന്നത്.  

കനത്ത ചൂടും വായു മലിനീകരണവും കാരണം ഡല്‍ഹിയിലെ വനിത നിര്‍മാണത്തൊഴിലാളികളുടെ ആരോഗ്യനില വളരെ മോശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാനും എന്തെങ്കിലും വഴി വേണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നുണ്ട്. 

MORE IN INDIA
SHOW MORE