വൈകി എത്തി; ഐഎഎസ് ഉദ്യോഗസ്ഥയ്ക്കെതിരെ അറസ്റ്റ് വാറന്റ്; സ്റ്റേ ചെയ്ത് സുപ്രീം കോടതി

scritu-10
SHARE

കേസ് പരിഗണിക്കാനിരിക്കെ വൈകി ഹാജരായതിന് ഐഎഎസ് ഉദ്യോഗസ്ഥയ്ക്കെതിരെ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു. നോയിഡ സിഇഒ കൂടിയായ റിതു മഹേശ്വരിക്കെതിരെയാണ് അര മണിക്കൂർ വൈകി കോടതിയിലെത്തിയതിന് ഹൈക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. റിതു മഹേശ്വരിയുടെ കേസ് അടിയന്തരമായി നാളെ പരിഗണിക്കാനും സുപ്രീം കോടതി ലിസ്റ്റ് ചെയ്തു.

ഇന്നലെ ചീഫ് ജസ്റ്റിസിന് മുന്നിൽ കേസ് എത്തിയിരുന്നുവെങ്കിലും വിശദമായി പരിശോധിക്കാതെ സ്റ്റേ അനുവദിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഐഎഎസ് ഓഫീസറെന്ന നിലയ്ക്ക് രാജ്യത്തെ നിയമ നടപടികൾ അവർക്ക് അറിയാവുന്നതാണെന്നും കോടതിയെ ബഹുമാനിക്കാതിരുന്നാൽ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. തുടർന്ന് വിശദമായ പരിശോധനയ്ക്ക് ശേഷം ഇന്ന് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. 

ഫ്ലൈറ്റ് വൈകിയതിനെ തുടർന്നാണ് റിതു മഹേശ്വരിക്ക് യഥാസമയം കോടതിയിൽ എത്താൻ കഴിയാതിരുന്നതെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ നിരവധി നോട്ടീസുകൾ കോടതി അയച്ചിട്ടും നിരുത്തരവാദപരമായാണ് റിതു മഹേശ്വരി പെരുമാറിയതെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. 10 മണിക്ക് കോടതിയിലെത്തേണ്ട റിതു മഹേശ്വരി 10.30 ന് മാത്രം എത്തിച്ചേരുന്ന ഫ്ലൈറ്റ് തിരഞ്ഞെടുത്തത് തന്നെ കോടതിയോടുള്ള അനാദരവാണെന്നും കേസ് പരിഗണിച്ച ബെഞ്ച് വിമർശിച്ചിരുന്നു. 

MORE IN INDIA
SHOW MORE