'സന്തൂർ' കൊണ്ട് സംഗീതസാമ്രാജ്യം കീഴടക്കിയ പണ്ഡിറ്റ് ശിവ് കുമാര്‍ ശര്‍മ; വിട

pandit
SHARE

സന്തൂര്‍ എന്ന വാദ്യോപകരണം കൊണ്ട് സംഗീതസാമ്രാജ്യം കീഴടക്കിയ പണ്ഡിറ്റ് ശിവ് കുമാര്‍ ശര്‍മ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. 84 വയസായിരുന്നു.  വൃക്കരോഗബാധയെത്തുടര്‍ന്ന് ആറുമാസത്തോളമായി ചികില്‍സയിലായിരുന്നു. പത്മശ്രീ, പത്മഭൂഷണ്‍ പുരസ്ക്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം പ്രമുഖര്‍ അനുശോചിച്ചു. 

ഹിമഡ‍ജഡയില്‍ നിന്ന് ശിവഗംഗയൊഴുകിയിറങ്ങുംപോലെ. ദാല്‍ തടാകത്തിന്‍റെ ഒാളപ്പരപ്പിലെ സ്വച്ഛന്ദ യാത്രപോലെ. ആസ്വാദകന്‍റെ ഹൃദയതന്ത്രികള്‍ മീട്ടിയാണ് സന്തൂറിലെ ആ രാഗവിസ്താരം. സന്തൂെറന്ന് കേട്ടാല്‍ ലോകത്തിന്‍റെ മനസിലെത്തുക ഒരൊറ്റപേരുമാത്രം. പണ്ഡിറ്റ് ശിവ്കുമാര്‍ശര്‍മ. കശ്മീര്‍ താഴ്‍വരയിലെ നാടോടി സംഗീതോപകരണമാണ് സന്തൂര്‍. ഋഗ്വേദത്തില്‍ ശതതന്ത്രി. വാല്‍നട്ടുകൊണ്ടുള്ള ആ വാദ്യത്തിന് ശിവ്കുമാര്‍ ശര്‍മ നീണ്ട പരീക്ഷങ്ങളിലൂടെ ഏറെ രൂപമാറ്റംവരുത്തി. സന്തൂറില്‍ എല്ലാ രാഗങ്ങളും വായിക്കാന്‍ കഴിയില്ലെന്ന പരിമതിയെ പ്രതിഭകൊണ്ട് അതിജീവിച്ചു. ഹരിപ്രസാദ് ചൗരസ്യയ്ക്കും സാക്കിര്‍ ഹുസൈനുമൊത്തുള്ള ജുഗല്‍ബന്ദികള്‍ ആനന്ദധാരകള്‍ തീര്‍ത്തു. 1938 ജനുവരി 13ന് ജമ്മുവില്‍ ജനനം. ശിവ്ജി എന്ന് വിളിപ്പേര്. പിതാവ് ഉമാദത്ത് ശര്‍മയ്ക്ക് കീഴില്‍ നാലര വയസില്‍ തബലയില്‍ വിരല്‍ ചേര്‍ത്ത് സംഗീതത്തില്‍ ഹരിശ്രീ. 13ാം വയസില്‍ പിതാവ് സന്തൂര്‍ സമ്മാനിച്ചു. 1955ല്‍ മുംബൈയില്‍ അരങ്ങേറ്റം. 1967ല്‍ ഹരിപ്രസാദ് ചൗരസ്യയ്ക്കും ബ്രിജ് ഭൂഷണുമൊപ്പം ചിട്ടപ്പെടുത്തിയ കാള്‍ ഒാഫ് ദ് വാലി ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീത ചരിത്രത്തിലെ പുതിയ അധ്യായമായിരുന്നു. ശാന്താറാമിന്‍റെ ഝനക് ഝനക് പായല്‍ ബാജേ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കി. ചൗരസ്യയുമായി ചേര്‍ന്നുള്ള ശിവ് ഹരി കൂട്ട്കെട്ട് സില്‍സില, ഫാസ്‍ലെ, ചാന്ദ്നി, ലാംഹെ, ഡര്‍ തുടങ്ങി ഹിന്ദി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. മകന്‍ രാഹുലും വിഖ്യാത സന്തൂര്‍ വാദകനാണ്. സാമ്പറും അവിയലും ഏറെ ഇഷ്ടപ്പെട്ടിരുന്ന പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മയ്ക്ക് കേരളം എന്നും പ്രിയപ്പെട്ട വേദികളിലൊന്നായിരുന്നു. 

MORE IN INDIA
SHOW MORE