ബുദ്ധന്റെ 2566–ാം പിറന്നാള്‍; ആഘോഷത്തിന് മോദി എത്തും

modi
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദി 16ന് നേപ്പാളിൽ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി സന്ദർശിക്കും. ബുദ്ധന്റെ 2566–ാം പിറന്നാളാഘോഷങ്ങളോടനുബന്ധിച്ചാണ് സന്ദർശനം. ലോക പൈതൃക കേന്ദ്രമായ ഇവിടം സന്ദർശിക്കാൻ യുനെസ്കോയുടെ ക്ഷണപ്രകാരമാണ് മോദി എത്തുന്നത്.

യുപിയിലെ കുശിനഗറിൽ നിന്നാണ് ഹെലികോപ്റ്റർ മാർഗം ലുംബിനിയിലെ പുതിയ ഗൗതം ബുദ്ധ രാജ്യാന്തര വിമാനത്താവളത്തിൽ പ്രധാനമന്ത്രി ഇറങ്ങുക. മോദിയുടെ വരവിനു തൊട്ടു മുൻപാണ് വിമാനത്താവളം നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ ഉദ്ഘാടനം ചെയ്യുന്നത്. മോദിയെ ദുബെ സ്വീകരിക്കും.

ലുംബിനിയിലെ മായാദേവി ക്ഷേത്രത്തിൽ ഇരു നേതാക്കളും പ്രാർഥനയും പൂജകളും നടത്തും. കേന്ദ്രസർക്കാർ 100 കോടി ചെലവിട്ടു നിർമിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനവും ഇരു നേതാക്കളും നിർവഹിക്കും. 

സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ് ഇന്ത്യ സഹായം ചെയ്യുന്നത്.

ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും. 2019 ൽ രണ്ടാമത് അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ നേപ്പാൾ സന്ദർശനമാണിത്.

MORE IN INDIA
SHOW MORE