കുത്തബ് മിനാർ വിഷ്ണു സ്തംഭം ആക്കണം; വൻ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

Qutub-minar
SHARE

കുത്തബ് മിനാറിൻ്റെ പേര് മാറ്റി 'വിഷ്ണു സ്തംഭ്' എന്നാക്കണമെന്ന ആവശ്യവുമായി ഡൽഹിയിൽ ഹിന്ദു സംഘടനകളുടെ വ്യാപക പ്രതിഷേധം. യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് വർക്കിങ് പ്രസിഡന്റ് ഭഗ്‌വാൻ ഗോയലിന്റെ നേതൃത്വത്തിലാണ് കുത്തബ് മിനാറിനു പുറത്ത് ഹനുമാൻ ചാലിസ സംഘടിപ്പിച്ചത്. അതിൽ പങ്കെടുക്കാൻ മറ്റു ഹിന്ദു സംഘടനകളോടും ഇവർ ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് ഇന്നു രാവിലെ മുതൽ കുത്തബ് മിനാർ പരിസരത്ത് പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്.

കുത്തബ് മിനാറിനു സമീപം തമ്പടിച്ച ഹിന്ദു സംഘടനാ പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ചു. ഇതിനിടെ ഒരു വിഭാഗം പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലിക്കൊണ്ട് കാവി പതാകയും പ്ലക്കാർഡുകളുമേന്തി കുത്തബ് മിനാറിനു സമീപത്തേക്ക് എത്തിയെങ്കിലും പൊലീസ് ഇവരെ തടഞ്ഞു. മുപ്പതോളം ഹിന്ദു സംഘടനാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.‘കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം’ എന്നാക്കണമെന്ന് കുറിച്ച പ്ലക്കാർഡുകളാണ്  ഇവരുടെ കൈവശമുണ്ടായിരുന്നത്.

ചരിത്രപ്രസിദ്ധമായ കുത്തബ് മിനാർ യഥാർഥത്തിൽ വിഷ്ണു സ്തംഭമാണെന്ന് ഭഗ്‌വാൻ ഗോയൽ അവകാശപ്പെട്ടു. വിക്രമാദിത്യ രാജാവാണ് ഇതു പണികഴിപ്പിച്ചതെന്നും ഗോയൽ അവകാശപ്പെട്ടു. അതേസമയം, മുഗൾ ഭരണാധികാരികളുടെ പേര് നൽകിയ വിവിധ സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ഡൽഹി ബിജെപി ആവശ്യപ്പെട്ടു. അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഔറംഗസേബ് ലൈൻ തുടങ്ങിയ സ്ഥലങ്ങളുടെ പേരുകൾ മാറ്റണമെന്നാണ് ആവശ്യം.

MORE IN INDIA
SHOW MORE