വിവാഹവേദിയിൽ അതിക്രമിച്ചു കയറി വധുവിന്റെ കഴുത്തിൽ വരണമാല്യം ചാർത്തി കാമുകൻ; ട്വിസ്റ്റ്..!

marriage
SHARE

മുൻ കാമുകിയുടെ വിവാഹവേദിയിൽ അതിക്രമിച്ചു കയറി നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് യുവാവ്. വരന്റെ കയ്യിലുണ്ടായിരുന്ന വരണമാല്യം ബലമായി പിടിച്ചുപറിച്ച ഇയാൾ വധുവിന്റെ കഴുത്തിലിടുകയും നെറ്റിയിൽ ബലമായി സിന്ദൂരം ചാർത്തുകയും ചെയ്തു. ബീഹാറിലെ ജയമലയിലാണ് സംഭവം. അമൻ എന്ന യുവാവാണ് വിവാഹവേദിയിലെത്തി മുൻ കാമുകിയുടെ കഴുത്തിൽ വരണമാല്യം ചാർത്തിയത്. ഇതോടെ വിവാഹച്ചടങ്ങിനെത്തിയ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ അമനെ ക്രൂരമായി  മർദ്ദിച്ചു.

എന്നാൽ പൊലീസ് എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വധുവും അമനും തമ്മിൽ പ്രണയത്തിലായിരുന്നു. ഇത് വീട്ടുകാർ എതിർക്കുകയും മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകയുമായിരുന്നു. ഇതോടെ കാമുകനും വധുവും ചേർന്ന് നടത്തിയ ഗൂഢാലോചന പ്രകാരമാണ് വിവാഹവേദി നാടകീയ രംഗങ്ങൾക്ക് സാക്ഷിയായത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായി. മുൻകൂട്ടി ആസൂത്രണം ചെയ്തപ്രകാരം വധു ഫോൺ വിളിച്ചതിനെ തുടർന്നാണ് കാമുകൻ വേദിയിലെത്തിയതെന്നും പൊലീസ് കണ്ടെത്തി. 

വധുവിന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്ന് പരാതി ഇല്ലാത്തതിനാൽ പൊലീസ് കസ്റ്റഡിയിലെടുത്ത അമനെ വീട്ടിലേക്ക് പോകാൻ അനുവദിച്ചു. സംഭവത്തിൽ മനംനൊന്ത് വരന്റെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിൻമാറി. വധുവിന് മറ്റൊരാളുമായി ബന്ധമുള്ളതിനാൽ വിവാഹവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു വരൻ അക്ഷയ് കുമാറിന്റെ പ്രതികരണം.

MORE IN INDIA
SHOW MORE