‘ബാങ്കുവിളി സമയത്ത് ഹനുമാന്‍ ചാലിസ’; നടപടി കടുപ്പിച്ച് കര്‍ണാടക‍; അതിജാഗ്രത

SRS-Karnataka
SHARE

മഹാരാഷ്ട്രയ്ക്ക് പിന്നാലെ കര്‍ണാടകയിലും പള്ളികളിലെ ഉച്ചഭാഷിണികള്‍ പുതിയ വിവാദത്തിന് ആയുധമാകുന്നു. പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ കർണ്ണാടകയിലെ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച്  ശ്രീരാമ സേന പ്രവർത്തകർ പള്ളികളില്‍ ബാങ്ക് വിളിക്കുന്ന സമയത്ത് 'ഹനുമാൻ ചാലിസ' ആലപിക്കുകയും ഭജന ആലപിക്കുകയും ചെയ്തു. മാത്രമല്ല കർണ്ണാടകയിലെ മുസ്‌‌ലിം പള്ളികളിൽ ഉച്ചഭാഷിണിയിൽ നിന്നുള്ള ബാങ്ക് വിളിക്കെതിരെ പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീരാമ സേന പ്രവർത്തകർ സുപ്രഭാത ക്യാംപയിനും ആരംഭിച്ചു. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പുലര്‍ച്ചെ സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളിലാണ് ബാങ്ക് വിളിയുടെ സമയത്ത് ഹനുമാന്‍ ചാലിസ മുഴങ്ങിക്കേട്ടതെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് ബെംഗളൂരു, മൈസൂരു, മാണ്ഡ്യ, ബെല്‍ഗാം, ധാര്‍വാഡ്, കലബുറഗി എന്നിവിടങ്ങളില്‍ നിന്ന നിരവധി ശ്രീരാമസേന പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വര്‍ഗീയ സംഘര്‍ഷത്തിന്റെ സാധ്യത മുന്നില്‍ കണ്ട് കര്‍ണാടകയില്‍ പൊലീസ് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ബെംഗളൂരുവിലും കലബുറഗിയിലും ചില ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കുകയും ചെയ്തു. പ്രമോദ് മുത്തലിക്ക് അറസ്റ്റിനെ അപലപിക്കുകയും സർക്കാരിനെ വിമർശിക്കുകയും ചെയ്തു. സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാന സർക്കാരിനെ എസ്ആർഎസ് പ്രസിഡന്റ് സിദ്ധലിംഗ സ്വാമി അപലപിക്കുകയും ചെയ്തു.

ഇന്ന് പുലർച്ചെ ബംഗളൂരുവിലെ ശാന്തിനഗറിലെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ വായിക്കാൻ ഇവർ ഒത്തുകൂടുന്നതിനിടെ ആയിരുന്നു അറസ്റ്റ് ഉണ്ടായത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം വിവിധ ക്ഷേത്രങ്ങൾക്ക് പുറത്ത് സംഘർഷം തടയാനായി പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ നിയമിച്ചിരുന്നു. ഇതേ തുടർന്നാണ് ഹനുമാൻ ചാലിസ വായിക്കാൻ സംഘമായി എത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തത്.   

മൈസൂരിലെ ഒരു ഹനുമാന്‍ ക്ഷേത്ത്രതില്‍ ഹനുമാന്‍ ചാലിസ ആലപിച്ച് പ്രമോദ് മുത്തലിക്കാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. ഇത് ഒരു ദിവസത്തെ പ്രതിഷേധമല്ല, പള്ളികളിലെ ഉച്ചഭാഷിണികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നത് വരെ ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പുലര്‍ച്ചെയുള്ള ബാങ്ക് വിളി വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ബാങ്കുവിളി ഭരണഘടനയ്ക്കും നിയമത്തിനും വിരുദ്ധമാണ്. മുസ്‌‌ലിംകള്‍ നിയമത്തിന് അതീതരാണെന്ന് തോന്നലുണ്ടാക്കിയത് കോണ്‍ഗ്രസുകാരാണ്. ആരും നിയമത്തിന് അതീതരല്ല. നിയമം പാലിക്കപ്പെടണമെന്നും പ്രമോദ് മുത്തലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

54,000 ത്തോളം അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി കർണ്ണാടകയിലും നടപ്പിലാക്കണം എന്നതാണ് സേനയുടെ ആവശ്യം.  അതേസമയം സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര മുന്നറിയിപ്പ് നൽകി. കര്‍ണാടകയില്‍ ഹിജാബ്, ഹലാൽ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സാമൂഹ്യാന്തരീക്ഷം തകര്‍ക്കുന്ന പുതിയ നടപടികള്‍ക്ക് കോപ്പ് കൂട്ടുന്നത്.

MORE IN INDIA
SHOW MORE