ബിജെപി വിട്ടവർ എസ്പിയിൽ; കാണാനെത്തിയ 2,500 പേർക്കെതിരെ കേസെടുത്ത് യുപി പൊലീസ്

up-police-case
SHARE

ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍നിന്ന് രാജിവച്ച രണ്ട് മന്ത്രിമാരും എംഎല്‍എമാരും സമാജ്‌വാദി പാര്‍ട്ടിയില്‍ (എസ്‌പി) ചേരുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ 2,500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒത്തുചേര്‍ന്നതിനാണു കേസ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

എസ്പി ഓഫിസിനു മുന്നില്‍ നൂറുകണക്കിനു പേര്‍ മാസ്‌ക് ധരിക്കാതെയും അകലം പാലിക്കാതെയും തടിച്ചു കൂടിയതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജനുവരി 15 വരെ യുപിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൊതുറാലികള്‍, റോഡ് ഷോകള്‍, യോഗങ്ങള്‍ എന്നിവ വിലക്കിയിട്ടുണ്ട്.

ഇതു മറികടന്നാണ് എസ്പി ഓഫിസില്‍ ആളുകള്‍ തടിച്ചുകൂടിയതെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. നിരോധനാജ്ഞയും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമവും ലംഘിച്ചതിനാണ് 2,500 പേര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ചടങ്ങിലേക്ക് ആരെയും ക്ഷണിച്ചിരുന്നില്ലെന്നും ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരം എത്തിയതാണെന്നും എസ‌്‍പിയുടെ യുപി അധ്യക്ഷന്‍ നരേഷ് ഉത്തം പട്ടേല്‍ പറഞ്ഞു. ബിജെപി മന്ത്രിമാരുടെ ചടങ്ങിലും ചന്തകളിലും വലിയ ആള്‍ക്കൂട്ടമാണ്. അതൊന്നും കാണാത്ത പൊലീസാണ് എസ്പി ഓഫിസിലെ ചടങ്ങിനെതിരെ നടപടിയെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

MORE IN INDIA
SHOW MORE