‘20 വരെ ദിനവും ഒരുമന്ത്രിയും 3 എംഎൽഎമാരും രാജിവയ്ക്കും’; യുപി ബിജെപിയിൽ ഞെട്ടൽ

yogi-akhilesh-up
SHARE

ജനുവരി 20വരെ ഓരോ ദിവസവും ഒരു മന്ത്രിയും രണ്ടോ മൂന്നോ എംഎൽഎമാരും രാജി വച്ചു കൊണ്ടേയിരിക്കുമെന്ന് ഉത്തർപ്രദേശ് മുൻമന്ത്രി ധരം സിങ് സൈനി. ഇന്ത്യാ ടുഡേയ്ക്ക് െകാടുത്ത അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. യുപി ബിജെപി സർക്കാരിൽ നിന്നും മന്ത്രിമാരുടെയും എംഎൽഎമാരുടെയും കൂട്ടരാജിയാണ് ഇപ്പോൾ. ദിവസങ്ങൾക്ക് മുൻപാണ് സൈനി യോഗി മന്ത്രിസഭയിൽ നിന്നും രാജിവച്ചത്.

തുടർച്ചയായ മൂന്നാം ദിവസവും ഉത്തർപ്രദേശിൽ ബിജെപി മന്ത്രി രാജിവച്ചു. ആയുഷ് വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ധരം സിങ് സയ്നി സമാജ്‍വാദി പാർട്ടിയിൽ ചേരുമെന്നു പ്രഖ്യാപിച്ചു. എംഎൽഎമാരായ മുകേഷ് വർമ, വിനയ് ശാക്യ, ബാല പ്രസാദ് അവസ്തി എന്നിവരും ബിജെപിയിൽനിന്നു രാജിവച്ച് സമാജ്‍വാദി പാർട്ടി (എസ്പി)യിലേക്കു നീങ്ങുകയാണെന്നു പ്രഖ്യാപിച്ചു. ഇതോടെ, 3 ദിവസത്തിനിടെ രാജിവച്ച എംഎൽഎമാരുടെ എണ്ണം ഒൻപതായി, 3 മന്ത്രിമാരടക്കം. ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം ഇന്നു വരാനിരിക്കെ കനത്ത തിരിച്ചടിയാണു ബിജെപി നേരിടുന്നത്. സ്വാമി പ്രസാദ് മൗര്യ, ദാരാ സിങ് ചൗഹാൻ എന്നിവരാണ് മുൻദിവസങ്ങളിൽ രാജിവച്ച മന്ത്രിമാർ.

സ്വാമി പ്രസാദ് മൗര്യയോടു കൂറു പ്രഖ്യാപിച്ചും യോഗി സർക്കാർ ദലിത്, ഇതര പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നു എന്നാരോപിച്ചുമാണ് മിക്കവരുടെയും രാജി. ഇതിനിടെ, സഖ്യകക്ഷിയായ അപ്നാ ദളിന്റെ 2 എംഎൽഎമാർ ഇന്നലെ രാജിവച്ചതും ഫലത്തിൽ ബിജെപിക്ക് ക്ഷീണമായി. അപ്നാ ദൾ നേതാവും കേന്ദ്ര സഹമന്ത്രിയുമായ അനുപ്രിയ പട്ടേൽ, സമാജ്‌വാദി നേതാവ് അഖിലേഷ് യാദവുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് എംഎൽഎമാരുടെ രാജി.

കോൺഗ്രസ് 125 പേരുടെ പട്ടിക പുറത്തിറക്കി. എസ്പി – ആർഎൽഡി സഖ്യം 29 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി 172 മണ്ഡലങ്ങളിലേക്കുള്ള പേരുകൾ ചർച്ച ചെയ്തെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

MORE IN INDIA
SHOW MORE