‘കടുക് പാടത്തിലൂടെ നടന്ന് കട്ടിലിൽ ഇരുന്ന് കേജ്​രിവാൾ’; ഛന്നിയുടെ തട്ടകത്തിൽ എഎപി

aap-punjab-channi
SHARE

എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പഞ്ചാബിലെ കർഷകരുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ മണ്ഡലമായ ചംകൗർ സാഹിബിലാണ് കേജ്‌രിവാൾ എത്തിയത്. എഎപി പഞ്ചാബ് യൂണിറ്റ് മേധാവി ഭഗവന്ത് മൻ ഒപ്പമുണ്ടായിരുന്നു.

കടുക് പാടത്തിലൂടെ കേജ്‍രിവാൾ കർഷകരെ കാണാനെത്തുന്നതും അവിടെവച്ചിരുന്ന കട്ടിലിൽ ഇരുന്ന് കർഷകരുമായി സംവദിക്കുന്നതുമായ വിഡിയോ പാർട്ടി പുറത്തുവിട്ടു. ഉൽപന്നങ്ങൾ വിറ്റതിന് പണം ലഭിച്ചോയെന്ന് കരിമ്പ് കർഷകരോട് ഭഗവന്ത് ചോദിച്ചു. ഇതുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി.

രണ്ടുവർഷമായി പണം ലഭിച്ചില്ലേയെന്ന് കർഷകരോട് കേജ്‌രിവാൾ ചോദിക്കുന്നുണ്ട്. പ്രദേശത്തെ യുവാക്കൾ തൊഴിൽരഹിതരാണെന്ന് മറ്റൊരു കർഷകൻ പരാതിപ്പെട്ടു. ഇത്തവണ ഇവിടെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കേജ്‌രിവാൾ കർഷകരോട് പറയുന്നതും വിഡിയോയിൽ കാണാം.

ഫെബ്രുവരി 14നാണ് പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ്. മാർച്ച് 10നാണ് വോട്ടെടുപ്പ്. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ തിരഞ്ഞെടുക്കാൻ വോട്ടർമാരോട് തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ് എഎപി. വോട്ടർമാരോട് 7074870748 എന്ന നമ്പറിൽ വിളിക്കാനാണു നിർേദശം.

നാലു മണിക്കൂറിനുള്ളിൽതന്നെ 2.8 ലക്ഷത്തിലധികം ഫോൺകോളുകൾ ലഭിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഈ ഫോൺകോളുകളുടെ അടിസ്ഥാനത്തിൽ ജനുവരി 17ന് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് കേജ്‌രിവാൾ അറിയിച്ചു.

MORE IN INDIA
SHOW MORE