സ്റ്റാലിൻ, പിണറായി, ഇപ്പോൾ തേജസ്വി..; കെസിആർ കളി മുറുക്കുന്നു; പണി കോൺഗ്രസിനോ?

kcr-stalin-pinayi
SHARE

2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാനായി ഒരു ഫെഡറല്‍ മുന്നണിക്ക് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ഹൈദരാബാദിലെ ക്യാംപ് ഓഫിസില്‍ കളമൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. ഏറ്റവും ഒടുവിൽ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ചൊവ്വാഴ്ച പ്രത്യേക വിമാനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ബിഹാറില്‍നിന്ന് ഹൈദരാബാദിലെത്തി റാവുവുമായി കൂടിക്കാഴ്ച നടത്തി. കെസിആറിന്റെ മകനും മന്ത്രിയുമായ കെ.ടി.രാമറാവു, മരുമകനും രാജ്യസഭാംഗവുമായ ജൊഗിനപ്പള്ളി സന്തോഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 

ഞായറാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കളുമായും സിപിഐ നേതാക്കളുമായും കെസിആര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലെത്തിയപ്പോഴാണ് പിണറായി വിജയന്‍, ചന്ദ്രശേഖര റാവുവുമായി ചര്‍ച്ച നടത്തിയത്. 

ബിജെപിക്കെതിരെ കൈകോര്‍ക്കാന്‍ തയാറുള്ള പ്രദേശിക കക്ഷികളുടെ കൂട്ടായ്മ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണു സജീവമായിരിക്കുന്നതെന്നാണു സൂചന. തേജസ്വിയുടെ പിതാവ് ലാലു പ്രസാദ് യാദവുമായി കെസിആര്‍ ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. സജീവരാഷ്ട്രീയത്തിലേക്കു മടങ്ങിയെത്തി ദേശീയതലത്തില്‍ സുപ്രധാന ചുമതല വഹിക്കണമെന്ന് ലാലുവിനോട് കെസിആര്‍ ആവശ്യപ്പെട്ടു. ബിജെപി മുക്ത ഭാരതത്തിനു വേണ്ടി മുന്നിട്ടിറങ്ങിയ കെസിആറിനെ ലാലു പ്രശംസിച്ചു. 

കഴിഞ്ഞ മാസം കെസിആര്‍ കുടുംബത്തിനൊപ്പം തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തീര്‍ഥാടനത്തിന്റെ ഭാഗമായാണ് തമിഴ്‌നാട്ടിലെത്തിയതെങ്കിലും കൂടിക്കാഴ്ചയ്ക്കു രാഷ്ട്രീയ പ്രധാന്യമുണ്ടെന്നാണു വിലയിരുത്തല്‍. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പും കെസിആര്‍ സമാനമായി ബിജെപി വിരുദ്ധ, കോണ്‍ഗ്രസ് വിരുദ്ധ കൂട്ടായ്മയ്ക്കായി ശ്രമിച്ചിരുന്നു. സ്വകാര്യ വിമാനം വാടകയ്‌ക്കെടുത്താണ് അദ്ദേഹം രാജ്യമെമ്പാടും സഞ്ചരിച്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഈ ശ്രമം ഫലം കണ്ടില്ല.

MORE IN INDIA
SHOW MORE